ശ്രീജിത്തിന്റെ കസ്റ്റഡിമരണം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ശ്രീജിത്തിന്റെ മൃതദേഹത്തിലെ ക്ഷതങ്ങളുടെ സ്വഭാവം നിര്‍ണയിക്കാനാണ് ബോര്‍ഡ് രൂപീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ ശശികല, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജനറല്‍ വിഭാഗം പ്രഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ കര്‍ത്ത, തൃശൂര്‍ മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ശ്രീകുമാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി പ്രഫസര്‍ ഡോ. പ്രതാപന്‍, കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ കത്തിനെ തുടര്‍ന്ന് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാന്‍ വിവിധ മേഖലകളിലെ വിദഗ്ധരായ അഞ്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് രൂപീകരിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ശ്രീജിത്തിന്റെ അടിവയറ്റില്‍ ക്ഷതമേറ്റിരുന്നുവെന്നും ജനനേന്ദ്രിയത്തിന് തകരാര്‍ സംഭവിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ചെറുകുടല്‍ മുറിഞ്ഞിരുന്നു. പരിക്ക് സംഭവിച്ച സമയം, എങ്ങനെയാണ് പരിക്കുണ്ടായത് എന്നീ കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കും.

RELATED STORIES

Share it
Top