ശ്രീജിത്തിന്റെ കസ്റ്റഡിമരണംസിഐ, എസ്‌ഐ അടക്കം നാലുപേര്‍ക്കു കൂടി സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പറവൂര്‍ സിഐ, വരാപ്പുഴ എസ്‌ഐ അടക്കം നാലു പോലിസ് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ അടക്കമുള്ള പോലിസുകാര്‍ ശ്രീജിത്തിന്റെ മരണത്തില്‍ പ്രതികളായേക്കുമെന്നും സൂചനയുണ്ട്.
പറവൂര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, വരാപ്പുഴ പോലിസ് സ്‌റ്റേഷന്‍ എസ്‌ഐ ദീപക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിപിഒ സന്തോഷ് ബേബി എന്നിവരെയാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് പ്രകാരം കൊച്ചി റേഞ്ച് ഐജി സസ്‌പെന്‍ഡ് ചെയ്തത്.
ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ തെറ്റായ നടപടിയും കൃത്യവിലോപവും കാട്ടിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരേ കൊച്ചി സിറ്റി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും കൊച്ചി റേഞ്ച് ഐജി അറിയിച്ചു. ഇവരെ കൂടാതെ എആര്‍ ക്യാംപിലെ മൂന്നു പോലിസുകാരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരായിരുന്നു ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍, ഭാര്യ എന്നിവരില്‍ നിന്നു മൊഴിയെടുത്തു. വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീട്ടിലെത്തിയും മൊഴിയെടുത്തിരുന്നു.
അന്വേഷണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്ന് ഐജി ശ്രീജിത്ത് മൊഴിയെടുക്കലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുമേഷ് എന്നയാളുടെ കൈ ഒടിഞ്ഞുവെന്ന പരാതിയില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top