ശ്രീജിത്തിന്റെ കസ്റ്റഡിമരണം: നാല് പോലിസുകാരെ കൂടി പ്രതിചേര്‍ത്തു

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നാലു പോലിസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. വരാപ്പുഴ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സി എന്‍ ജയാനന്ദന്‍, സിവില്‍ പോലിസുകാരായ സന്തോഷ് ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പ്രതിചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം ഒമ്പതായി.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എഎസ്‌ഐ ജയാനന്ദനായിരുന്നു സ്‌റ്റേഷന്‍ ചാര്‍ജ്. ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളില്‍ എസ്‌ഐ ദീപക് അവധിയിലായിരുന്നു. വരാപ്പുഴയില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് ആറിന് രാത്രിയില്‍ വരാപ്പുഴ സ്റ്റേഷനിലെത്തിയ എസ്‌ഐ ദീപക് ശ്രീജിത്തിനെ ലോക്കപ്പില്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സമയം ഇവരും ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും ശ്രീജിത്തിനെ മര്‍ദിക്കുന്നതിനെ ഇവര്‍ എതിര്‍ത്തില്ലെന്നും കണ്ടെത്തിയാണ് ഇവരെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.
ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ കേസില്‍ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. ആലുവ റൂറല്‍ എസ്പിയായിരിക്കെ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ ആളു മാറിയല്ല അറസ്റ്റ് ചെയ്തതെന്ന് കേസിന്റെ ആദ്യഘട്ടത്തില്‍ എ വി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു. ജോര്‍ജിന്റെ ഈ പരാമര്‍ശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, എ വി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിനും ഉത്തരവാദിത്തമുണ്ടെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും അഖില ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top