ശ്രീജിത്തിന്റെ കസ്റ്റഡിമരണംസിബിഐ അന്വേഷണം തേടി ഭാര്യ ഹൈക്കോടതിയില്‍

കൊച്ചി: ശ്രീജിത്തിനെ പോലിസ് മര്‍ദിച്ചുകൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ള ആലുവ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്, പറവൂര്‍ സിഐ ക്രിസ്പിന്‍ സാം എന്നിവരെ അന്വേഷണ സംഘം ഒഴിവാക്കിയിരിക്കുകയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി ഈ മാസം 27ന് പരിഗണിച്ചേക്കും.
കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തിലാണ് ശ്രീജിത്ത് മരിച്ചതെന്നു ഹരജിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് വരാപ്പുഴ എസ്‌ഐ ജി എസ് ദീപക്കിനെയും എസ്പിയുടെ റൂറല്‍ ടൈഗര്‍ ഫോഴ്‌സില്‍ അംഗങ്ങളായിരുന്ന മൂന്നു പോലിസുകാരെയും അറസ്റ്റ് ചെയ്തു. എന്നാല്‍, കേസിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ള എ വി ജോര്‍ജ്, ക്രിസ്പിന്‍ സാം ഉള്‍പ്പെടെ സ്വാധീനശക്തിയുള്ള പോലിസ് ഉദ്യോഗസ്ഥരെ കേസില്‍ നിന്ന് ഒഴിവാക്കി.
പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ പോലിസിന് ശരിയായ അന്വേഷണം നടത്താനാവില്ല. അന്വേഷണം സിബിഐക്കു വിടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top