ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സിഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പരവൂര്‍ സിഐ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സി ഐ ക്രിസ്പിന്‍ സാം,വരാപ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ദീപക്, ഗ്രേഡ് എസ്‌ഐ സുധീര്‍, വരാപ്പുഴ സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ സന്തോഷ് ബേബി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയും എസ്‌ഐയും ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്തത്.പോലീസിന്റെ ഭാഗത്ത് നിന്ന് പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചുവെന്നും പോലീസുകാര്‍ക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കുമെന്നും മനുഷ്യാവകാശ കമ്മീഷനും വ്യക്തമാക്കി. കസ്റ്റഡി മരണത്തില്‍ കൂടുതല്‍ പോലീസുകാര്‍ പ്രതികളായേക്കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ, ശ്രീജിത്തിനെ വീട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ മൂന്ന് പോലീസുകാരെ ചൊവ്വാഴ്ച വൈകുന്നേരം സസ്‌പെന്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി.

RELATED STORIES

Share it
Top