ശ്രീജിത്തിനെതിരേ സിപിഎം നേതാക്കള്‍ പിതാവിനെക്കൊണ്ട് കള്ളമൊഴി നല്‍കിച്ചെന്ന് മകന്‍

കൊച്ചി/വരാപ്പുഴ: വരാപ്പുഴയില്‍ വീടാക്രമണവുമായി ബന്ധപ്പെട്ടു ഗൃഹനാഥന്‍ ദേവസ്വം പാടത്ത് വാസുദേവന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു പോലിസ് അറ്‌സ്റ്റ് ചെയ്ത ശ്രീജിത്തിന്റെ മരണത്തില്‍ സിപിഎമ്മും പ്രതിക്കൂട്ടില്‍. വാസുദേവന്റെ വീടാക്രമിക്കാന്‍ ശ്രീജിത്തുമുണ്ടായിരുന്നുവെന്നു തന്റെ പിതാവിനെക്കൊണ്ട് സിപിഎം നേതാക്കള്‍ നിര്‍ബന്ധിച്ച് കള്ളമൊഴി നല്‍കിച്ചെന്ന ആരോപണവുമായി മകന്‍ രംഗത്ത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പരമേശ്വരന്റെ മകന്‍ ശരത് ആണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി മാധ്യമങ്ങളോടു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശ്രീജിത്തിന്റെ വീടിനു സമീപത്താണ് ഇവരും താമസിക്കുന്നത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടുവെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാക്കപ്പെടുന്നത്്. സിപിഎം നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തന്റെ പിതാവ് ഇത്തരത്തില്‍ മൊഴിനല്‍കിയിരിക്കുന്നതെന്ന് ശരത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ വീട്ടിലുണ്ടായിരുന്നില്ല.
സിപിഎമ്മിന്റെ പ്രാദേശിക നേതാവായ ഡെന്നി പറഞ്ഞിട്ട് മറ്റൊരു സഖാവ് വീട്ടില്‍ വന്ന് അച്ഛനെ വിളിച്ചുകൊണ്ട് പോയിരുന്നു. ഇതിന് ശേഷമാണ് അച്ഛന്‍ ശ്രീജിത്തിനെതിരേ പറഞ്ഞത്. നാട്ടുകാര്‍ക്കെല്ലാവര്‍ക്കും അറിയാം സംഭവം നടക്കുമ്പോള്‍  അച്ഛന്‍ സ്ഥലത്തില്ലായിരുന്നുവെന്ന്. തലേദിവസം സ്റ്റേഷന് മുന്നില്‍വച്ചും തങ്ങള്‍ സംസാരിച്ചതാണ്. സിപിഎം നേതാക്കള്‍ വിളിച്ചുകൊണ്ടുപോയിട്ട് ശ്രീജിത്തിനെതിരേ പറയണമെന്ന് അച്ഛനെക്കൊണ്ട് പറയിപ്പിച്ചിരിക്കുന്നതാണെന്നും ബസ് സ്‌റ്റോപ്പില്‍ വച്ച്് സിപിഎമ്മിന്റെ നേതാക്കളുമായി അച്ഛന്‍ സംസാരിക്കുന്നത് താന്‍ കണ്ടതാണെന്നും ശരത് പറഞ്ഞു.

RELATED STORIES

Share it
Top