ശ്രീജിത്തിനെതിരേ വാര്‍ത്ത നല്‍കുന്നത് കോടതി വിലക്കി

തിരുവനന്തപുരം: ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരേ വാര്‍ത്തകള്‍ നല്‍കുന്നതിന് കോടതി മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തി. കരുനാഗപ്പള്ളി സബ് കോടതിയില്‍ ശ്രീജിത്ത് നല്‍കിയ ഹരജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. മാധ്യമസ്ഥാപനങ്ങള്‍ക്കും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിനും കോടതി നോട്ടീസ് അയച്ചു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരേ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കിയ യുഎഇയിലെ ജാസ് ടൂറിസം കമ്പനി  ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. ബിനോയ്‌ക്കൊപ്പം പരാതിയില്‍ ശ്രീജിത്തിന്റെ പേരും ഉണ്ട്. കമ്പനി ഉടമ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂക്കി, കമ്പനിയുടെ ഇന്ത്യയിലെ അഭിഭാഷകനായ ഉത്തര്‍പ്രദേശിലെ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ റാം കിഷോര്‍ സിങ് യാദവ് എന്നിവരാണു സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ എത്തേണ്ടിയിരുന്നത്. കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് പ്രസ്‌ക്ലബ്ബില്‍ പതിപ്പിച്ചിട്ടുണ്ട്. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ വരുന്നവരോട് അവര്‍ ഉന്നയിക്കാന്‍ പോവുന്ന വിഷയങ്ങള്‍ എന്താണെന്നു ചര്‍ച്ചചെയ്യാറോ നിര്‍ദേശിക്കാറോ ഇല്ല. അതില്‍ പ്രസ്‌ക്ലബ്ബിന് ഉത്തരവാദിത്തവും ഇല്ല. മാത്രമല്ല, ഈ കോടതി ഉത്തരവില്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നും പറയുന്നില്ലെന്നും പ്രസ്‌ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ കൃത്യമായ വ്യക്തത പാര്‍ട്ടിവൃത്തങ്ങള്‍ക്കുമില്ല.

RELATED STORIES

Share it
Top