ശ്രീജിത്തല്ല പ്രതി; പോലിസിന് ആളുമാറിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: പോലിസ് കസ്റ്റഡിയിലെടുത്ത ദേവസ്വംപാടം ഷേണായ് പറമ്പുവീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് (26) മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ പോലിസ് കുരുക്കിലാവുന്നു. വീട്ടില്‍ കയറി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് അക്രമിസംഘത്തിലുണ്ടായിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരോടാണ് വിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, വിനീഷിന്റെ വെളിപ്പെടുത്തല്‍ പോലിസ് തള്ളി. വിനീഷ് പോലിസിനു നല്‍കിയ മൊഴിക്കു വിരുദ്ധമാണിതെന്നാണ് പോലിസ് പറയുന്നത്.
ആക്രമണം നടക്കുമ്പോള്‍ താന്‍ പുറത്തായിരുന്നുവെന്ന് വിനീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വീട്ടില്‍ നിന്നു ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നാണ് എത്തിയത്. അപ്പോള്‍ സംഘം തന്റെ പിതാവിനെ ആക്രമിക്കുകയായിരുന്നു. ആ സമയത്ത് ശ്രീജിത്തിനെ കണ്ടതായി ഓര്‍മയില്ല. സംഘത്തിലുണ്ടായിരുന്നവരുടെ പേരുകളുടെ കൂട്ടത്തില്‍ ശ്രീജിത്തിന്റെ പേരു താന്‍ പറഞ്ഞിരുന്നു. അത് ഈ ശ്രീജിത്തല്ല. അയാളുടെ വിവരങ്ങളും താന്‍ പോലിസിനോട് പറഞ്ഞിരുന്നു. തങ്ങള്‍ പറഞ്ഞുകൊടുത്ത ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പോലിസ് ഇതുവരെ പിടിച്ചിട്ടില്ല.
മരിച്ച ശ്രീജിത്തും താനുമായി നല്ല സൗഹൃദമായിരുന്നു. സംഭവദിവസവും താന്‍ രാവിലെ ജോലിയുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ വീട്ടില്‍ പോയിരുന്നു. മരിച്ച ശ്രീജിത്ത് ഏതെങ്കിലും വിധത്തില്‍ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് തനിക്കറിയില്ല.
എന്നാല്‍, വിനീഷ് നല്‍കിയ മൊഴിക്കു വിരുദ്ധമാണ് അദ്ദേഹം വെളിപ്പെടുത്തലില്‍ പറയുന്നതെന്നാണ് പോലിസ് ഭാഷ്യം. ശ്രീജിത്ത് അടക്കമുള്ള പ്രതികളുടെ സാന്നിധ്യത്തിലായിരുന്നു വിനീഷ് മൊഴി നല്‍കിയതെന്നും പോലിസ് പറയുന്നു.

RELATED STORIES

Share it
Top