ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ നഷ്ടപ്പെട്ട പതക്കവും മാലയും തിരികെ ലഭിച്ചു ; പ്രതിയെ കണ്ടെത്തല്‍ പോലിസിന് വെല്ലുവിളിഅമ്പലപ്പുഴ: നഷ്ടപെട്ട പതക്കവും മാലയും തിരികെ ലഭിച്ചെങ്കിലും പോലിസിന്റെ മുന്നില്‍ ഇനിയുള്ള വെല്ലുവിളി പ്രതിയെ കണ്ടെത്തുക എന്നുള്ളതാണ്. മാര്‍ച്ച് 23ന് ആറാട്ടു ദിവസമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കവും മാലയുമാണ് കാണാതായത്. എന്നാല്‍ ഏപ്രില്‍ 14ന് വിഷു ദിനത്തിലാണ് പതക്കം കാണാനില്ലെന്ന വിവരം പുറം ലോകം അറിയുന്നത്. രണ്ട് ദിവസം രഹസ്യമായി പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി സുഭാഷ് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും അമ്പലപ്പുഴ സി ഐക്കും പരാതി നല്‍കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മധ്യമേഖലാ ഐജി പി വിജയന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് അന്നു തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ക്രൈംബ്രാഞ്ച് ജില്ലാ ഡി വൈ എസ് പി വിജയകുമാരന്‍ നായര്‍ക്കായിരുന്നു അന്വേഷണ ചുമതല. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മേല്‍ശാന്തിമാരെയും ക്ഷേത്രം ജീവനക്കാരെയും പല തവണ ക്ഷേത്രത്തില്‍ വച്ചും അമ്പലപ്പു സി ഐ ഓഫിസിന്‍ വച്ചും ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചും ചോദ്യം ചെയ്തിരുന്നു. മാറി മാറി ചോദ്യം ചെയ്‌തെങ്കിലും ഒരു തുമ്പും ലഭിക്കാതെ വന്നതോടെ ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ പതക്കം കണ്ടെടുക്കാനായി മൂന്ന് കിണറുകളും വറ്റിച്ച് പരിശോധന നടത്തിയിരുന്നു. പതക്കം ലഭിച്ച ഇന്നലെയും ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ മേല്‍ശാന്തിമാര്‍ നേരത്തെ ഉപയോഗിച്ചിരുന്ന കുളവും വറ്റിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് കാണിക്കവഞ്ചിയില്‍ നിന്ന് പതക്കവും മാലയും ലഭിച്ചത്. നഷ്ടപെട്ടവ തിരികെ ലഭിച്ചെങ്കിലും ഇവ എങ്ങനെ കാണിക്കവഞ്ചിയില്‍ വന്നു എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനു കൂടി ഉത്തരം കണ്ടെത്തിയാലേ അന്വേഷണം പൂര്‍ത്തിയാകൂ.അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദ്യശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചു വരികയാണ്. ചില ജീവനക്കാര്‍ സംശയത്തിന്റെ നിഴലിലുമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലാകും എന്നു തന്നെയാണ് കരുതേണ്ടത്.

RELATED STORIES

Share it
Top