ശ്രീകാന്ത് പുരോഹിതിന്റെ ഹരജി ഹൈക്കോടതി തള്ളി

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരേ കുറ്റംചുമത്തുന്നതില്‍ നിന്നു വിചാരണക്കോടതിയെ വിലക്കണമെന്ന പ്രതി ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന്റെ ഹരജി ബോംബെ ഹൈക്കോടതി തള്ളി. എന്നാല്‍ പുരോഹിത് ഹരജിയില്‍ ഉന്നയിച്ച പ്രോസിക്യൂഷന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുമ്പു സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിക്കാന്‍ വിചാരണക്കോടതിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസില്‍ വേഗം കൂട്ടാന്‍ സുപ്രിംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ വിചാരണ തടയുന്നത് ഉചിതമായിരിക്കില്ലെന്നു ജസ്റ്റിസുമാരായ എസ് എസ് ഷിന്‍ഡെ, മൃദുല ഭക്തര്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസില്‍ പ്രത്യേക കോടതി ഇന്ന് കുറ്റം ചുമത്തുമെന്നാണു കരുതപ്പെടുന്നത്. കേസില്‍ തന്നെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി തെറ്റാണെന്നാണു പുരോഹിത് ഹരജിയില്‍ ചൂണ്ടിക്കാണിച്ചത്. സര്‍വീസിലുള്ള സൈനിക ഉദ്യോഗസ്ഥനായതിനാല്‍ പുരോഹിതിനെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി 2009ലാണു പുരോഹിതിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്. യുഎപിഎ നിയമമനുസരിച്ച് സംസ്ഥാന നീതിന്യായ വകുപ്പ് വിചാരണയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പ് ഉചിതമായ അതോറിറ്റിക്ക് രൂപംനല്‍കി റിപോര്‍ട്ട് തേടണമെന്നു പുരോഹിതിന്റെ അഭിഭാഷകന്‍ ശ്രീകാന്ത് ശിവാദെ വ്യക്തമാക്കി.പുരോഹിതിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത് 2009 ജനുവരിയിലും അതോറിറ്റി രൂപീകരിച്ചത് 2010 ഒക്ടോബറിലുമാണ്. അതിനാല്‍ വിചാരണ ചെയ്യാനുള്ള അനുമതിക്ക് സാധുതയില്ലെന്നാണ് ശിവാദെ പറയുന്നത്. വിചാരണ ചെയ്യാനുള്ള അനുമതിയെ ചോദ്യംചെയ്ത് കഴിഞ്ഞവര്‍ഷം പുരോഹിത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നു പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ഒരു പള്ളിക്കടുത്ത് മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച സ്‌ഫോടകവസ്തുവാണ് 2008 സപ്തംബര്‍ 29നു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top