ശ്മശാനത്തില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച് യുക്തിവാദി നേതാവ്; പുണ്യാഹം തളിച്ച് ബിജെപി

ഔറംഗാബാദ്: മഹാരാഷ്ട്രയിലെ പ്രമുഖ യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി(മാന്‍സ്) നേതാവ് മകന്റെ പിറന്നാള്‍ ആഘോഷിച്ചത് വൈദ്യുതി ശ്മശാനത്തില്‍. മാന്‍സിന്റെ പര്‍ഭാനി ജില്ലാ പ്രസിഡന്റും ഔറംഗാബാദ് സ്വദേശിയുമായ പന്താരിനാഥ് ഷിന്‍ഡെയാണ് മകന്റെ പിറന്നാള്‍ ജിന്ദൂര്‍ ഗ്രാമത്തിലെ ശ്മശാനത്തില്‍ ആഘോഷിച്ചത്. ഏകദേശം 200ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
ശ്മശാനത്തിനടുത്തു താമസിക്കുന്ന ഗ്രാമവാസികളുടെ അന്ധവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്വന്തം കുഞ്ഞിന്റെ ജന്മദിനം അവിടെയാക്കാമെന്നു തീരുമാനിച്ചത്. 200 പേര്‍ക്ക് പച്ചക്കറിസദ്യയും നല്‍കി.
എന്നാല്‍, മതത്തെ അവഹേളിക്കാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വം ശ്രമം നടത്തിയെന്നാരോപിച്ച് ജിന്ദൂര്‍ ബിജെപി പ്രസിഡന്റ് രാജേഷ് വട്ടംവാര്‍ ന ല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തു. രാജേഷിന്റെ പരാതിയില്‍ ഷിന്‍ഡെയ്‌ക്കെതിരേയും പങ്കെടുത്തവര്‍ക്കെതിരേയുമാണ് കേസെടുത്തത്്.
എന്നാല്‍, ലോക്കല്‍ പോലിസും പഞ്ചായത്തും ഇത്തരമൊരു ചടങ്ങിന് അനുമതി നല്‍കിയിരുന്നെന്നും തന്റെ ഉദ്ദേശ്യം അവിടെ പിശാചിന്റെ സാന്നിധ്യമില്ലെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.
അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രവും മന്ത്രോച്ചാരണവും പ്രത്യേക പൂജയും നടത്തി ശ്മശാനം ശുദ്ധീകരിച്ചു.

RELATED STORIES

Share it
Top