ശോച്യാവസ്ഥയിലായ റോഡ് ഒക്ടോബര്‍ 10നകം സഞ്ചാരയോഗ്യമാക്കണം

തൃശൂര്‍: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ അതീവ ശോച്യാവസ്ഥയിലായ റോഡ് ഒക്ടോബര്‍ 10നകം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നു കരാര്‍ കമ്പനിക്ക് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അന്ത്യശാസനം.
അനാസ്ഥ തുടര്‍ന്നാല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ക്കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. റോഡ് തകര്‍ന്നു ഗതാഗത യോഗ്യമല്ലാതായ പശ്ചാത്തലത്തില്‍ തൃശൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മന്ത്രിതല യോഗത്തിലാണു മന്ത്രി കരാര്‍ കമ്പനിക്കെതിരേയും ദേശീയപാതാ അതോറിറ്റിക്കെതിരേയും രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ചത്. റോഡ് തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍പ്പെട്ട് 56 ജീവനുകള്‍ നഷ്ടപ്പെടുകയും ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ടു നാലുപേര്‍ ജീവനൊടുക്കുകയും ചെയ്ത സാഹചര്യത്തിലാണു കരാര്‍ കമ്പനിക്കെതിരേ കേസെടുക്കേണ്ടിവരുമെന്ന് സുധാകരന്‍ സൂചിപ്പിച്ചത്. കരാറുകാരനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണം. കരിമ്പട്ടികയില്‍പ്പെടുത്താന്‍ തക്ക അനാസ്ഥ കാണിച്ച കമ്പനിക്കെതിരേ ഹൈക്കോടതിയില്‍ ശക്തമായ റിപോര്‍ട്ട് പോലിസ് സമര്‍പ്പിക്കണമെന്നും ഇനി മറ്റൊരു സംസ്ഥാനത്തും അവര്‍ ഈ പണി കാണിക്കാന്‍ ഇടവരരുതെന്നും സിറ്റി പോലിസ് കമ്മീഷണറോട് അദ്ദേഹം നിര്‍ദേശിച്ചു. മന്ത്രിതലത്തിലുള്‍പ്പെടെ ഇതുവരെ വിളിച്ചുചേര്‍ത്ത യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ കമ്പനി നടപ്പാക്കിയില്ലെന്നും മൂന്നാഴ്ചയ്ക്കു ശേഷം വിളിക്കുന്ന യോഗത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാതയുടെ ശോച്യാവസ്ഥയ്‌ക്കെതിരേ സമരം ചെയ്യാന്‍ മന്ത്രിമാരടക്കം തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 10 വരെ പാതയില്‍ പകല്‍സമയത്ത് ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതല്‍ അഞ്ചു വരെ മാത്രമേ ഇത്തരം വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കൂ. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ കേസെടുക്കണം. മന്ത്രി ക്ഷുഭിതനായി കാര്യങ്ങള്‍ തുറന്നടിച്ചതോടെ 15 ദിവസത്തിനകം ദേശീയപാത ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കുമെന്നും 2019 ജനുവരി 29നു കുതിരാന്‍ തുരങ്കം തുറക്കുമെന്നും കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചു.

RELATED STORIES

Share it
Top