ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷിച്ച ആദിവാസി പെണ്‍കുട്ടി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മറയൂര്‍: ആദിവാസി പെണ്‍കുട്ടിയെ പ്രതിശ്രുതവരന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി ഗ്രാമപ്പഞ്ചായത്തിലെ മുട്ടുകാട് ചൊക്രമുടി ആദിവാസി കോളനിയിലെ രാജിന്‍-മാരി ദമ്പതികളുടെ മകള്‍ ഭവാനി(16)യെയാണ് വിവാഹം നിശ്ചയിച്ചിരുന്ന യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. വട്ടവട ഗ്രാമപ്പഞ്ചായത്തിലെ സ്വാമിയാറള ആദിവാസി കോളനി സ്വദേശിയും ബന്ധുവുമായ ചന്ദ്രനു(27)മായി ഭവാനിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നു.ഫെബ്രുവരി ഒമ്പതിന് വിവാഹം നടത്താനുള്ള ശ്രമം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടയുകയും പ്രായപൂര്‍ത്തിയായ ശേഷമേ വിവാഹം നടത്തൂ എന്ന് രക്ഷിതാക്കളില്‍ നിന്ന് എഴുതി വാങ്ങി പെണ്‍കുട്ടിയെ തിരിച്ചയക്കുകയും ചെയ്തു. മെയ് 25ന് വട്ടവട സ്വാമിയാറള കുടിയിലെ യുവാവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദേവികുളം പോലിസ് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top