ശേഷക്രിയ വായിക്കുമ്പോള്‍

കെ  എസ്  ഹരിഹരന്‍
അയാള്‍ വീണ്ടും കുടിലിനകത്തേക്കു കടന്നു. ശബ്ദമുണ്ടാക്കാതെ തീപ്പെട്ടിയുരച്ച് മുട്ടവിളക്ക് കത്തിച്ചു. കടലാസും പേനയുമെടുത്ത് ചമ്രംപടിഞ്ഞിരുന്ന് എഴുതാന്‍ തുടങ്ങി. 'കേന്ദ്രകമ്മിറ്റിയുടെയോ പോളിറ്റ്ബ്യൂറോയുടെയോ അടിയന്തര ശ്രദ്ധയ്ക്ക്. കേന്ദ്രകമ്മിറ്റി സംസ്ഥാന കമ്മിറ്റി വഴി അയച്ച എഴുത്ത് ജില്ലാ സെക്രട്ടറി മുഖാന്തരം എനിക്കു കിട്ടി. വരാന്‍പോവുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ തിരക്കിനിടയിലും എന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനമെടുത്തറിയിച്ചതില്‍ എനിക്കുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തട്ടെ. അച്ചടക്കബോധമുള്ള അല്ലെങ്കില്‍ അച്ചടക്കത്തെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരു പാര്‍ട്ടി മെംബര്‍ എന്ന നിലയില്‍ ഞാന്‍ കേന്ദ്രകമ്മിറ്റിയുടെ അന്തിമ തീരുമാനം പൂര്‍ണമനസ്സോടെ അംഗീകരിക്കുന്നു.
ഞാന്‍ ഇനിയും എത്രയോ തിരുത്തേണ്ടതുണ്ട്. പീയെന്‍ പണ്ടു പറഞ്ഞതുപോലെ ഞാന്‍ ഒരു റൊമാന്റിക് റവല്യൂഷണറിയായി അധപ്പതിച്ചിരിക്കുകയാണ്. ഈ വിധത്തില്‍ പോയാല്‍ ഞാന്‍ ചെന്നുനില്‍ക്കുന്ന സ്ഥലം കണ്ടറിയേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രവചിച്ചത് എത്രമാത്രം ദീര്‍ഘവീക്ഷണത്തോടെയാണ്? ഒരു പാര്‍ട്ടിവിരുദ്ധനാവുക എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു ഭ്രാന്തനാവുക എന്നാണര്‍ഥം. എന്റെ പാര്‍ട്ടി ബ്രാഞ്ചില്‍ ഞാനൊഴികെയുള്ളവരെല്ലാം പാര്‍ട്ടി വിട്ടിരിക്കുകയാണ്. ഞാനാവട്ടെ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു.
ഒരു ചെറിയ കാര്യം എനിക്ക് ബോധിപ്പിക്കാനുണ്ട്. ഉദാഹരണസഹിതം തന്നെ തുടങ്ങാന്‍ എന്നെ അനുവദിച്ചാലും. നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തിയാണല്ലോ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്നു നമ്മെ കാത്തുസൂക്ഷിക്കുന്നത്. എന്റെ പാര്‍ട്ടികൂറും അച്ചടക്കമനോഭാവവും ഈ പ്രതിരോധശക്തികളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഭക്ഷണക്കുറവു മൂലവും കാലാകാലങ്ങളില്‍ പ്രതിരോധ കുത്തിവയ്പുകള്‍ നടത്താത്തതിനാലും എന്നിലെ പ്രതിരോധശേഷി അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിവിരുദ്ധ രോഗാണുക്കള്‍ സംഘടിതമായി ഒരാക്രമണം നടത്തിയാല്‍ ഞാന്‍ ഒരു രോഗിയായിത്തീരും. ഒരുകാര്യം ഞാന്‍ കേന്ദ്രകമ്മിറ്റിക്ക് ഉറപ്പുതരുന്നു. ഒരു രോഗിയായി, പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ മനപ്പൂര്‍വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധിവൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീര്‍ത്തനങ്ങള്‍ പാടി പാര്‍ട്ടിപ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യഭൂമിയില്‍ അലഞ്ഞുതിരിഞ്ഞ് മറ്റാര്‍ക്കും ഞാന്‍ എന്റെ രോഗം പരത്തില്ല. എന്റെ കുടിലിനു പിറകിലുള്ള മാവും ആ ഊഞ്ഞാല്‍ക്കയറും ഇക്കാര്യത്തില്‍ ഇന്നു പുലരും മുമ്പേ എന്നെ സഹായിക്കും. എന്റെ ചില അന്തിമാഭിലാഷങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒന്നാമതായി എന്റെ ശവകുടീരപ്പലകയില്‍ ഇത്രയും എഴുതിവയ്ക്കണം: അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്രകൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടുപോലും ആ ഉറക്കത്തിനു ഭംഗംവരുത്തരുത്.
രണ്ടാമത്തെ കാര്യം, എന്റെ മരണശേഷം എന്റെ ഭാര്യക്കും മകനുമായി ഒരു കുടുംബ സഹായ ഫണ്ട് പതിവുപോലെ പാര്‍ട്ടി പിരിച്ചുണ്ടാക്കുമെന്നും അതില്‍ പകുതി സംഖ്യ ഒരു സ്ഥിരനിക്ഷേപമായി മാസംതോറും ചുരുങ്ങിയത് 1000 രൂപയെങ്കിലും പലിശയിനത്തില്‍ കിട്ടാനുള്ള ഏര്‍പ്പാട് പാര്‍ട്ടി ചെയ്‌തേക്കുമെന്നുള്ള കാര്യത്തില്‍ എനിക്കൊട്ടും തന്നെ സംശയമില്ല. പക്ഷേ, എന്റെ അപേക്ഷയുടെ കാതലായ ഊന്നല്‍ ഇതിലൊന്നുമില്ല. അവര്‍ക്കൊരു വീടു വച്ചുകൊടുക്കുമ്പോള്‍ സ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുഞ്ഞയ്യപ്പന്‍ കുടുംബസഹായ ഫണ്ട് കമ്മിറ്റിക്കാരോട് ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദേശം കൊടുക്കണം. ആ വീടിന്റെ മട്ടുപ്പാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്. കൊച്ചുനാണു എന്റെ മകനാണ്. നിത്യദാരിദ്ര്യത്തിന്റെ പുകയാത്ത അടുപ്പുകള്‍ തേടി അവന്‍ പോയെന്നുവരാം. അത് അവനെ ചിന്തിപ്പിക്കാനും ചിലതൊക്കെ പ്രവര്‍ത്തിപ്പിക്കാനും പ്രേരിപ്പിച്ചുകൂടായ്കയില്ല. അവന്‍ എന്നെപ്പോലൊരു റൊമാന്റിക് റവല്യൂഷണറിയായിത്തീരാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. ചരിത്രം ആവര്‍ത്തിക്കരുതല്ലോ.'
70കളുടെ ഒടുവില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരിലും അനുഭാവികളിലും വൈകാരികമായി ഏറെ ആഘാതമേല്‍പ്പിച്ച എം സുകുമാരന്റെ ലഘുനോവലായ 'ശേഷക്രിയ'യിലെ അവസാന ഭാഗമാണിത്.
തികച്ചും അച്ചടക്കമുള്ള കമ്മ്യൂണിസ്റ്റായ കുഞ്ഞയ്യപ്പന്റെ ആത്മഹത്യാക്കുറിപ്പാണിത്. പൊതുസമൂഹത്തിലും പാര്‍ട്ടിക്കകത്തും താന്‍ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ആത്മഹത്യയിലൂടെ അന്ത്യം കാണും മുമ്പ് കുഞ്ഞയ്യപ്പന്‍ ഹൃദയരക്തംകൊണ്ട് എഴുതിയ വാക്കുകള്‍. 70കളുടെ ഒടുവില്‍ സമരാനുഭവങ്ങളുടെ അഗ്നിജ്വാലകളേല്‍പ്പിച്ച പൊള്ളലുകളുടെ നടുവിലിരുന്ന് എം സുകുമാരന്‍ എഴുതിച്ചേര്‍ത്ത ആത്മകഥാംശം ഏറെയുള്ള വാക്കുകള്‍. വിപ്ലവപ്രസ്ഥാനത്തിന്റെ അകത്തളങ്ങളില്‍ എന്തു നടക്കുന്നുവെന്നു മലയാളികളോട് ആദ്യമായി സമഗ്രതയോടെയും ലാളിത്യത്തോടെയും സംവദിച്ചത് അദ്ദേഹമായിരുന്നു. ശേഷക്രിയ എഴുപതുകളില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍- അന്ന് സിപിഎം വിപ്ലവപ്പാര്‍ട്ടിയും സിപിഐ വലതുപക്ഷ മൂരാച്ചിയുമായിരുന്നല്ലോ- സംഭവിച്ചുകൊണ്ടിരുന്ന പരിവര്‍ത്തനങ്ങളുടെ സത്യസന്ധമായ വിവരണമാണു നല്‍കിയത്.
ചെന്നുചേര്‍ന്ന എല്ലായിടത്തും വ്യവസ്ഥയ്‌ക്കെതിരേ പോരാടുന്ന 'ഹരിജന്‍ കമ്മ്യൂണിസ്റ്റാ'ണ് കുഞ്ഞയ്യപ്പന്‍. പാര്‍ട്ടി നേതാക്കള്‍ തന്നെ പലഘട്ടങ്ങളിലും കുഞ്ഞയ്യപ്പന്റെ ജാതിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. നായര്‍ സഖാവും ഈഴവ സഖാക്കളും തമ്മിലുള്ള വര്‍ഗസമരത്തിനിടയില്‍പ്പെട്ട് അന്തംവിട്ടുനില്‍ക്കുന്ന നിഷ്‌കളങ്കനാണ് ദലിതനായ കുഞ്ഞയ്യപ്പന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജാതിസമവാക്യത്തെക്കുറിച്ച് നോവലിസ്റ്റ് പരിഹാസത്തോടെ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്:
'കാറിന്റെ വാതിലടച്ച് തല പുറത്തേക്കിട്ടു ചുറ്റും നോക്കി ശബ്ദം താഴ്ത്തി വിപ്ലവപ്പാര്‍ട്ടിയുടെ ജില്ലാ നേതാവ് തിരക്കി: സഖാവ് ഈഴവനാണോ? കുഞ്ഞയ്യപ്പന്‍ പറഞ്ഞു: അല്ല, ഹരിജനാണ്. പറഞ്ഞുതീരും മുമ്പേ സെക്രട്ടറി ഇടയ്ക്കു കയറി: തെറ്റിദ്ധരിക്കരുത്. പാര്‍ട്ടിക്കകത്തെ ചില നായര്‍പ്രമാണിമാര്‍ ഈഴവരെ ഒതുക്കാനുള്ള ഒരു നീക്കമുണ്ട്. ജില്ലാ സെക്രട്ടറിയുടെ കണ്ണുകളില്‍ മിന്നിനിന്ന ജാള്യം സിഗരറ്റ് കത്തിക്കാന്‍ തീപ്പെട്ടിയുരച്ചപ്പോള്‍ കുഞ്ഞയ്യപ്പന്‍ ശ്രദ്ധിച്ചു. അതു മറയ്ക്കാനെന്നവണ്ണം ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ സെക്രട്ടറി പറഞ്ഞു: പാര്‍ട്ടിക്കകത്ത് ജാതിക്കോമരങ്ങളെ വച്ചുപൊറുപ്പിക്കില്ല.'
തന്നെ പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ മരക്കട തൊഴിലാളികള്‍ തീരുമാനിച്ചപ്പോള്‍ ട്രേഡ് യൂനിയന്‍ ജില്ലാ നേതാവിന്റെ ഔപചാരികമായ അംഗീകാരത്തിനായി പാര്‍ട്ടി ഓഫിസിലെത്തുന്ന കുഞ്ഞയ്യപ്പന്‍ നേരിടുന്നത് നേരത്തേ സൂചിപ്പിച്ചതിനേക്കാള്‍ വലിയ ഷോക്കാണ്. അതിങ്ങനെ: 'പ്രസിഡന്റ് പറഞ്ഞു- ഞാന്‍ പറഞ്ഞ കാര്യം ഓര്‍ക്കണം. ഗോപാലപ്പിള്ള പാവപ്പെട്ട ഒരു നായര്‍ പയ്യനാണ്. എന്റെ അകന്ന ബന്ധുവിന്റെ മകനാണിവന്‍. സ്വന്തവും ബന്ധവുമൊന്നും പാര്‍ട്ടിക്കകത്തു നോക്കാന്‍ പറ്റില്ല. പുതിയ പുതിയ ചെറുപ്പക്കാര്‍ രംഗത്തുവരണം. ഞങ്ങളൊക്കെ ഇനിയെത്ര കാലം.
കുഞ്ഞയ്യപ്പന്‍ ഉള്ളില്‍ ഓര്‍ത്തുചിരിച്ചു. പാര്‍ട്ടിക്കകത്തെ ഈഴവമേധാവിത്വത്തെ പൊളിക്കാന്‍ നായര്‍ സഖാക്കള്‍. നായര്‍ പ്രമാണിത്തം പൊളിക്കാനായി ഈഴവ സഖാക്കള്‍. യഥാര്‍ഥ വര്‍ഗസമരം.'
ജാതിവിഭജനത്തേക്കാള്‍ ഭീതിജനകമാണ് പാര്‍ട്ടിക്കകത്തെ സമ്പന്നരുടെ മേധാവിത്വം. ഇതിനൊക്കെ തിലകംചാര്‍ത്തുന്നതാണ് നേതൃത്വത്തിന്റെ ഉദ്യോഗസ്ഥ മേധാവിത്വ മനോഭാവം. കുഞ്ഞയ്യപ്പന്റെ മേല്‍ക്കമ്മിറ്റിക്കുള്ള അപേക്ഷ പരിഗണിക്കേണ്ടുന്ന പീയെന്‍ എന്ന സഖാവ് (സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന ഒരാളുടെ യഥാര്‍ഥ ചിത്രീകരണമാണിത്) കുഞ്ഞയ്യപ്പന് മനപ്പൂര്‍വം നീതി നിഷേധിക്കുകയാണ്. കേന്ദ്രകമ്മിറ്റിയുടെ മാസികയുടെ പത്രാധിപരും അവിടത്തെ ജീവനക്കാരനായ കുഞ്ഞയ്യപ്പനും തമ്മിലുള്ള തര്‍ക്കത്തില്‍ പീയെന്റെ വിധിയെഴുത്ത് ഇങ്ങനെയാണ്: 'ഒരു ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കിവിടെ ചിലതു പറയാതിരിക്കാന്‍ കഴിയില്ല. കുഞ്ഞയ്യപ്പന്‍ ഇനിയും ഒരുപാട് തിരുത്താനുണ്ട്. അരാജകത്വത്തിന്റെ പാതയില്‍ സഖാവ് എത്തിനില്‍ക്കുന്നു എന്നു പറഞ്ഞാലും അധികമാവില്ല. പാര്‍ട്ടിക്കകത്ത് സാമ്പത്തിക അസമത്വങ്ങളുടെ പേരുപറഞ്ഞ് ഗ്രൂപ്പുകള്‍ സൃഷ്ടിക്കുകയും പത്രാധിപരെ ഒറ്റപ്പെടുത്തി മാസികാപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരിക്കുന്നു. പത്രാധിപരുടെ കഠിനശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റിക്ക് പ്രത്യേക താല്‍പര്യമുള്ള ആ മാസിക ഇറക്കുന്നത്. ഇത്രയധികം നഷ്ടത്തിലോടിയിട്ടും പത്രാധിപര്‍ സ്വന്തം പണം മുടക്കി അതു നിലനിര്‍ത്തുന്നു. പാര്‍ട്ടിയുടെ മുമ്പില്‍ സാമ്പത്തിക പരാധീനത പറഞ്ഞ് ഒരിക്കലും പത്രാധിപര്‍ വരാറില്ല. നാട്ടിലുള്ള പുരയിടങ്ങളില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും കിട്ടുന്ന ആദായമൊക്കെ വാസ്തവത്തില്‍ നിങ്ങളെയൊക്കെ തീറ്റിപ്പോറ്റാന്‍ അദ്ദേഹം ചെലവഴിക്കുന്നു എന്നു ഞാന്‍ പറയുമ്പോള്‍ ആരും നെറ്റി ചുളിച്ചിട്ടു കാര്യമില്ല.' പീയെന്‍ സമ്പന്ന പക്ഷപാതിത്വത്തോടെയാണ് കുഞ്ഞയ്യപ്പന്റെ പ്രശ്‌നത്തെ സമീപിച്ചത്. സമത്വത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അസമത്വത്തെയാണ് കുഞ്ഞയ്യപ്പന്‍ ചോദ്യംചെയ്തത്. പക്ഷേ, അയാള്‍ പരാജയപ്പെട്ടിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അച്ചടക്കമെന്ന സങ്കല്‍പ്പത്തിന്റെ നിരര്‍ഥകതയിലേക്കാണ് എം സുകുമാരന്‍ വിരല്‍ചൂണ്ടുന്നത്. വിപ്ലവ രാഷ്ട്രീയപ്പാര്‍ട്ടിയിലെ സങ്കല്‍പവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ കഴിയാതെ പോവുന്ന സഖാവാണ് കുഞ്ഞയ്യപ്പന്‍. പക്ഷേ, കുഞ്ഞയ്യപ്പന്റെ ബ്രാഞ്ച് കമ്മിറ്റിയിലെ അനന്തനും ഗോവിന്ദനും മധുവിനും രഘുവിനും കാര്യങ്ങള്‍ വളരെ വേഗം ബോധ്യപ്പെടുന്നുണ്ട്. അവരുടെ യാഥാര്‍ഥ്യബോധം പാര്‍ട്ടി വിട്ടുപോവാന്‍ അവരെ പ്രാപ്തരാക്കുമ്പോഴും കുഞ്ഞയ്യപ്പന്റെ കാലില്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ ചങ്ങല കുരുങ്ങിക്കിടക്കുന്നു. ആ ചങ്ങലയാണ് കൊച്ചുനാണുവിനായി കെട്ടിയ ഊഞ്ഞാല്‍ക്കയറില്‍ ജീവനൊടുക്കാന്‍ കുഞ്ഞയ്യപ്പനെ പ്രേരിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിക്കുന്ന പരിണാമത്തെ തിരിച്ചറിയാനാവാതെപോയ ദുരന്തകഥാപാത്രമാണ് കുഞ്ഞയ്യപ്പന്‍.
70കളില്‍ 'ശേഷക്രിയ' ഉണ്ടാക്കിയ നടുക്കം തീര്‍ച്ചയായും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകളില്‍ പ്രത്യക്ഷപ്പെടണമെന്നില്ല. എം സുകുമാരന്റെ പ്രവചനസ്വഭാവമുള്ള വാക്കുകള്‍ യാഥാര്‍ഥ്യമായി മാറി. വിപ്ലവത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ നിന്ന് അകലുകയും മുതലാളിത്തവ്യവസ്ഥയെ താങ്ങിനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലേക്ക് ചുരുങ്ങുകയും ചെയ്ത കുഞ്ഞയ്യപ്പന്റെ പഴയ പാര്‍ട്ടി ഇന്ന് ആരെയും വിസ്മയിപ്പിക്കുന്നില്ല. പക്ഷേ, ഈ കപ്പല്‍ച്ചേതത്തെക്കുറിച്ച് 70കളില്‍ തന്നെ മുന്നറിയിപ്പു നല്‍കാനായ എം സുകുമാരന്റെ സര്‍ഗവൈഭവമാണ് ആരെയും വിസ്മയിപ്പിക്കുക. ഇക്കാരണത്താല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനാഗ്രഹിക്കുന്ന ഏതൊരാളും ഇന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കൊപ്പം തന്നെ ശേഷക്രിയയും ഹൃദിസ്ഥമാക്കേണ്ടതുണ്ട്. അത് അയാളെ യാഥാര്‍ഥ്യബോധമുള്ള രാഷ്ട്രീയപ്രവര്‍ത്തകനാവാന്‍ സഹായിക്കും.        ി

(കടപ്പാട്: മറുവാക്ക്, 2018 ഏപ്രില്‍)

RELATED STORIES

Share it
Top