ശെയ്ഖ് ഹസീനയ്‌ക്കെതിരായ ഗ്രനേഡ് ആക്രമണം ബംഗ്ലാദേശില്‍ 19 പേര്‍ക്ക് വധശിക്ഷ

ധക്ക: 2004ല്‍ ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടി നേതാവായിരുന്ന ശെയ്ഖ് ഹസീനയെ ലക്ഷ്യംവച്ചുള്ള ഗ്രനേഡ് ആക്രമണക്കേസില്‍ 19 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരീഖ് റഹ്മാനടക്കം 18 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ധക്കയിലെ അതിവേഗ ട്രൈബ്യൂണല്‍ കോടതി ജഡ്ജി ഷഹീദ് നൂറുദ്ദീനാണ് ശിക്ഷ വിധിച്ചത്.  കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി ലത്ഫുസ്സമാന്‍ ബാബര്‍ അടക്കം 19 പേര്‍ക്കാണ് വധശിക്ഷ വിധിച്ചത്. ബ്രിട്ടനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയാണ് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി) ആക്ടിങ് പ്രസിഡന്റുകൂടിയായ താരിഖ് റഹ്മാന്‍. 2004 ആഗസ്ത് 21ന് തലസ്ഥാന നഗരമായ ധക്കയില്‍ അവാമി ലീഗ് റാലിക്കിടെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും ശെയ്ഖ് ഹസീനയടക്കം 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ശെയ്ഖ് ഹസീനയ്ക്ക് കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. പ്രതികളെ കനത്ത സുരക്ഷാ വലയത്തിലാണ് കോടതിയില്‍ എത്തിച്ചത്. ലണ്ടനില്‍ താമസമാക്കിയ റഹ്മാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇയാളെ രാഷ്ട്രീയ അഭയാര്‍ഥിയായി കോടതി പ്രഖ്യാപിച്ചു.  റഹ്മാന്റെ നിലവിലെ സ്ഥിതിവിവരം നല്‍കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചതായാണ് വിവരം. റഹ്മാന്‍, രണ്ടു മുന്‍ മന്ത്രിമാര്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, ഭരണകക്ഷിയുടെ നാലു സഖ്യകക്ഷികളിലുള്ളവരുമടക്കം 49 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്.
ബിഎന്‍പി നേതൃത്വത്തിലുള്ള സര്‍ക്കാരും റഹ്മാനും ആക്രമണത്തെ സ്വാധീനിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹസീനയെ ലക്ഷ്യംവച്ചുള്ള ആക്രമണത്തില്‍ പാര്‍ട്ടിയിലെ പ്രധാന നേതാക്കളാണ് കൊല്ലപ്പെട്ടത്.
മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയ അഴിമതിക്കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. അവര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പാര്‍ട്ടി നേതാക്കളെ തകര്‍ക്കാനുമാണെന്നു ബിഎന്‍പി ആരോപിച്ചു.

RELATED STORIES

Share it
Top