ശൂന്യതയുടെ അടയാളങ്ങള്‍

എ  സഈദ്
തീ നിയന്ത്രിക്കുന്നതും അത് ഉപയോഗിക്കുന്നതും പഠിച്ചതോടെ മനുഷ്യന്‍ ആഘോഷങ്ങളുടെ വാതിലുകള്‍ തുറന്നു. പച്ചമാംസം ഭക്ഷിച്ചിരുന്ന അവര്‍ മാംസം ചുട്ട് ഭക്ഷിച്ചു; ആടുകയും പാടുകയും ചെയ്തു. സ്മരണീയമായ സംഭവങ്ങളും നേട്ടങ്ങളും വിജയങ്ങളും മതാചാരങ്ങളും കളികളും മല്‍സരങ്ങളുമായി ആഘോഷങ്ങളുടെ അനേകമനേകം രീതികളും അവസരങ്ങളുമുണ്ട് അവര്‍ക്കിന്ന്.ഭൂമിയില്‍ നല്ല വിള കിട്ടണമെങ്കില്‍ മണ്ണ് പാകപ്പെടുത്തണം. അത് ഉറച്ചുപോവാതെ ഇടയ്ക്കിടെ ഉഴുതുമറിക്കണം. സമയാസമയങ്ങളില്‍ ചാരവും വളവും ചേര്‍ക്കണം. അതു മണ്ണിന്റെ പോഷണമാണ്. ശരീരത്തിനും ഇതുപോലെ ശുശ്രൂഷ നല്‍കാറുണ്ട്. ഭക്ഷണവും വ്യായാമവും കുളിയും വിശ്രമവും ശരീരത്തെ ബലപ്പെടുത്തുന്നതുപോലെ മനസ്സിനെ ബലപ്പെടുത്തുന്ന ശുശ്രൂഷകളിലൊന്നാണ് ആഘോഷം. മാനസികവും വൈകാരികവും ആത്മീയവുമായ പോഷണം അതു നല്‍കുന്നു. ഒറ്റയ്ക്കു ചെയ്യേണ്ട ചടങ്ങല്ല ആഘോഷം. കൂട്ടമായി ചെയ്യുമ്പോഴേ അതിന്റെ ഫലം പൂര്‍ണമാവൂ. കുടുംബത്തോടും അയല്‍വാസികളോടും സമൂഹത്തോടുമൊപ്പം ആഘോഷത്തില്‍ പങ്കാളിയാവുന്ന ഒരാള്‍ക്ക്, അയാള്‍ വലിയവനോ ചെറിയവനോ ആയാലും, താനും ഇതിന്റെയെല്ലാം ഭാഗമാണെന്ന തോന്നലുണ്ടാവുകയാണ് ചെയ്യുക. ആ ചിന്ത അവന്റെ ജീവിതത്തെ പല രീതിയില്‍ സ്വാധീനിക്കുന്നു. സാമൂഹികാഘോഷമായി തന്നെയാണ് പ്രവാചകന്‍ (സ) ഈദിനെ പരിചയപ്പെടുത്തുകയും മാതൃക കാണിക്കുകയും ചെയ്തിട്ടുള്ളത്. ആഘോഷവുമായി ബന്ധപ്പെട്ട് സമൂഹനമസ്‌കാരം പ്രധാന ഇനമായി നിര്‍ണയിച്ചിരിക്കുന്നു. ജനങ്ങള്‍ അവിടെ ഒരുമിച്ചുകൂടുന്നു. പുതുവസ്ത്രങ്ങളും അലങ്കാരങ്ങളും സുഗന്ധവും അവിടെ സമ്മേളിക്കുകയാണ്. പള്ളിയുടെ അകത്തല്ല പെരുന്നാള്‍ നമസ്‌കാരം. സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധജനങ്ങളുമെല്ലാം മൈതാനത്ത് ഒത്തുചേരുന്നു; പരസ്പരം ആശംസകള്‍ നേരുന്നു. ഒരുമിച്ചിരുന്നു തക്ബീര്‍ ചൊല്ലുന്നു; അല്ലാഹുവിനെ സ്തുതിക്കുന്നു. ഈദ്ഗാഹിലേക്ക് പോകുന്നത് ഒരു വഴിക്കും അവിടെനിന്നു മടങ്ങുന്നത് മറ്റൊരു വഴിക്കുമാക്കാന്‍ പ്രവാചകന്‍ (സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം. ആളുകളുമായി, പ്രത്യേകിച്ച് ദുര്‍ബലരുമായി, കൂടുതല്‍ ഇടപെടാനായിരുന്നു അത്. ഇബ്‌നുമാജ ഉദ്ധരിച്ച ഹദീസ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു: ''പ്രവാചകന്‍(സ) സഈദ് ഇബ്‌നു അബൂആസിന്റെ വീടു വഴി തമ്പുനിവാസികള്‍ക്കിടയിലൂടെയാണ് ഈദ്ഗാഹിലേക്കു പോവാറുള്ളത്. മടങ്ങുമ്പോള്‍ തിരുമേനി മറ്റൊരു വഴി തിരഞ്ഞെടുക്കും. അമ്മാറിബ്‌നു യാസിറിന്റെയും അബൂഹുറയ്‌റയുടെയും വീടുകള്‍ വഴി ബലാത്തിലേക്കു പോവും.''ആഘോഷങ്ങളെ ജീവിതലക്ഷ്യവുമായി ബന്ധപ്പെടുത്തുമ്പോള്‍ അതിനു പൂര്‍ണത കൈവരിക്കാനാവും. തന്റെ അന്തിമലക്ഷ്യം എന്തെന്ന ബോധം മനുഷ്യനുണ്ടാവണം. ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികള്‍ ചെയ്തുവച്ച മാതൃകകള്‍ അവന് പ്രചോദനമായിരിക്കും. അത്തരം നാഴികക്കല്ലുകള്‍ ആഘോഷത്തിനു തിരഞ്ഞെടുക്കുമ്പോള്‍ അതു ലക്ഷ്യബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. താന്‍ ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ബോധം ശക്തമാവും. അങ്ങനെ ആഘോഷങ്ങള്‍ അര്‍ഥവത്താകുന്നു. എന്താണു താന്‍ ആഘോഷിക്കുന്നത് എന്ന ആലോചനയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തി, അതല്ലെങ്കില്‍ അയാള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം, ഏത് ആശയത്തെയും ജീവിതമൂല്യങ്ങളെയുമാണോ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആ ആശയവും മൂല്യങ്ങളുമായി ബന്ധമുള്ള കാര്യമായിരിക്കണം ആഘോഷത്തിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. ഇസ്‌ലാമിന്റെ ആഘോഷങ്ങള്‍ക്ക് ഈ സ്വഭാവമുണ്ട്. വിശ്വാസിയുടെ ജീവിതലക്ഷ്യവുമായി ബന്ധമുള്ളവയാണ് അവ. വ്രതാനുഷ്ഠാനത്തിന്റെ സമാപനമാണ് ഈദുല്‍ ഫിത്്വര്‍; തെറ്റുതിരുത്തലിന്റെയും മനസ്സിന് ഇന്ധനം നല്‍കലിന്റെയും സമാപനം. വിശ്വാസിയുടെ ജീവിതദൗത്യത്തിന് അതു പിന്തുണയേകുന്നു. സഹനവും ഉറച്ചുനില്‍പ്പും പരിചയപ്പെടുത്തി ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തുകയാണ് നോമ്പ് നിര്‍വഹിക്കുന്ന മറ്റൊരു പ്രവര്‍ത്തനം. വിശുദ്ധമാസത്തോടു വിടപറയുന്ന ഈ സമയത്ത് അതെല്ലാം എത്രയളവില്‍ നേടാനായി എന്നു സ്വയം പരിശോധിക്കുക. സങ്കല്‍പങ്ങളിലേക്കല്ല, യാഥാര്‍ഥ്യങ്ങളിലേക്കാണ് നാം കാലെടുത്തുവയ്ക്കുന്നത്. അവിടെ ജീവിതത്തിനു വിശുദ്ധി ആവശ്യമുണ്ട്; ഉറച്ച വിശ്വാസവും ദൃഢനിശ്ചയവും ആവശ്യമുണ്ട്. അല്ലാഹുവിന്റെ മാത്രം പിന്തുണയില്‍ തൃപ്തിപ്പെടാന്‍ കഴിയേണ്ടതുമുണ്ട്. സാഹചര്യം അതാണു നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത്.ഞാനിത് എഴുതുമ്പോള്‍ പലതരം ചിത്രങ്ങളാണ് മനസ്സില്‍ തെളിയുന്നത്. മുസ്‌ലിമായി എന്ന കാരണത്താല്‍ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ മുഖങ്ങള്‍. താനൊരു വിശ്വാസിയും പൊതുപ്രവര്‍ത്തകനുമായി എന്നതല്ലാതെ മറ്റൊരു തെറ്റും ചെയ്തതുകൊണ്ടല്ല കര്‍ണാടകയിലെ ബണ്ട്വാളില്‍ അഷ്‌റഫ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഹരിയാനക്കാരായ ജുനൈദ്, ഹാഷിം, ശകീര്‍ എന്നീ സഹോദരങ്ങള്‍ ആക്രമിക്കപ്പെടുകയും തീവണ്ടിയില്‍ നിന്നു പുറത്തേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തതിനും അവര്‍ മുസ്‌ലിംകളായി എന്നതല്ലാതെ മറ്റു കാരണമില്ല. ലോകത്തു പൊതുവെ സമാധാനത്തിന്റെ അന്തരീക്ഷം ഇല്ലാതാവുകയാണ്. വന്‍ശക്തികള്‍ നല്‍കുന്ന സന്ദേശം ആശാവഹമല്ല. ഏറ്റുമുട്ടലിന്റെ ഭാഷയിലാണ് അവര്‍ സംസാരിക്കുന്നത്. സാമ്രാജ്യത്വം അതിന്റെ സ്വഭാവത്തില്‍ അണുവിടപോലും മാറ്റത്തിനു തയ്യാറായിട്ടില്ല. യജമാനന്‍മാരും ശിങ്കിടികളും അടങ്ങുന്ന സംഘം നാണംകെട്ട രീതിയില്‍ പേക്കൂത്തിനൊരുങ്ങുമ്പോള്‍ മനുഷ്യത്വത്തിന്റെ ഭാഗം ചേര്‍ന്നുനിന്ന് അതിനെതിരേ ഒരുവാക്ക് പറയാന്‍ പോലും ആളില്ലാത്ത അവസ്ഥ. ഭീകരതയുടെ മുന്നില്‍ മനുഷ്യന്‍ അവലംബിക്കുന്ന മൗനം വലിയൊരു ശൂന്യതയുടെ അടയാളമാണ് കാണിക്കുന്നത്. ആരോഗ്യകരമായ സന്ദേശമല്ല നമ്മുടെ രാജ്യവും നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നും ലോകസമാധാനത്തിന്റെയും രാഷ്ട്രനീതിയുടെയും പക്ഷം നിന്നിരുന്ന ഇന്ത്യയുടെ സ്വരം ഇപ്പോള്‍ മാറിയിരിക്കുന്നു. ലോകം മുഴുവനും തങ്ങള്‍ക്കനുകൂലമായ നവ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ സ്ഥാപിക്കുന്നതിനു സാമ്രാജ്യത്വ മുതലാളിത്തശക്തികള്‍ രൂപംകൊടുത്ത് നടപ്പാക്കിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ വിജയംകണ്ട രാജ്യമായി മാറി നമ്മുടെ ഇന്ത്യ.ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ആദ്യമേ വളക്കൂറുള്ള നമ്മുടെ മണ്ണില്‍ ഒരു നൂറ്റാണ്ടോളമായി വര്‍ഗീയതയുടെ ശാസ്ത്രീയമായ കൃഷി നടക്കുന്നു. അടിത്തട്ടില്‍ നിന്നുതന്നെ മുസ്‌ലിംവിരോധം വിത്തുപാകി വളര്‍ത്തിയ ഫാഷിസ്റ്റുകള്‍ക്ക് അതില്‍നിന്നു കാര്യമായ വിളവു ലഭിക്കാതെ വന്ന സമയത്ത് 'ഭീകരത'യെന്ന വിത്ത് അവര്‍ക്കു വീണുകിട്ടുകയായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അത് ഇന്ത്യയില്‍ കൊണ്ടുവരുകയും ബിജെപി അതില്‍നിന്നു വിളവെടുക്കുകയും ചെയ്തു. വര്‍ഗീയതയുടെ നഗ്‌നമായ നൃത്തവേദിയായി നമ്മുടെ രാജ്യം മാറി. നിയമവാഴ്ചയെ പരിഹസിച്ചുകൊണ്ട് ഒരുതരം ആധ്യാത്മിക ഗുണ്ടകള്‍ ഇപ്പോള്‍ തെരുവിലിറങ്ങിയിരിക്കുന്നു. അവര്‍ക്കു നിയമത്തിന്റ പിന്‍ബലവും പിന്തുണയും നല്‍കാനുള്ള വ്യഗ്രതയിലാണ് ഭരണകൂടം. ഒരു ജനാധിപത്യരാജ്യത്തു നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. നിയമങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പ്പറത്തി വിധിപറയുന്ന കോടതികള്‍ രാജ്യത്തിന്റെ മുഖവൈകൃതം പൂര്‍ണമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സാന്നിധ്യം കാണിക്കാന്‍പോലും കഴിയാത്തവിധം നിര്‍ഗുണനിസ്വന്‍മാരായി മാറിയിരിക്കുന്നു രാജ്യത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍.കടലിനും ചെകുത്താന്‍മാര്‍ക്കുമിടയില്‍ അകപ്പെട്ടതുപോലെയാണ് ഇന്ത്യയിലിന്നു മുസ്‌ലിംകളുടെ അവസ്ഥ. സുരക്ഷിതത്വം ആരു നല്‍കും; നീതി എവിടെനിന്നു കിട്ടും? ഇത്തരം അന്വേഷണങ്ങള്‍ക്ക് ഉത്തരമില്ല. ഉപരിപ്ലവമായ രാഷ്ട്രീയവേദികള്‍ അവര്‍ക്കു വഞ്ചന മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കൂട്ടത്തിലൊരു കാര്യം കൂടി: മുസ്‌ലിംകളെ ഇനി ദൈവം തന്നെ രക്ഷപ്പെടുത്തേണ്ടിവരുമെന്ന് വര്‍ഗീയതയുടെയും ഗൂഢാലോചനയുടെയും ആഴവും പരപ്പും മനസ്സിലാക്കിയ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞത് കേട്ടു. ദൈവം രക്ഷിക്കും; സംശയമില്ല. അതിന് അര്‍ഹമാക്കുന്ന ജീവിതനിലപാട് മുസ്‌ലിംകളിലുണ്ടായിരിക്കണം. അവിടെയാണ് ഉറച്ച വിശ്വാസവും ദൃഢനിശ്ചയവും സഹായിയായി മാറുന്നത്. 'എനിക്ക് അല്ലാഹു മതി' എന്ന ചിന്ത അനീതിയോട് സമരം ചെയ്യുന്ന വ്യക്തിത്വത്തെയാണ് സൃഷ്ടിക്കുക; അതല്ലാതെ മാളത്തിലൊളിക്കുന്ന സന്ന്യാസിയെ അല്ല.ഇബ്രാഹീം നബിയെ (അ) ഓര്‍ക്കുക. ഏകാധിപതിയായ രാജാവ് തീക്കുണ്ഠത്തിലെറിയുന്ന അനുഭവം അദ്ദേഹത്തിനുണ്ടായത് അദ്ദേഹമൊരു സന്ന്യാസിയായി ജീവിച്ചതുകൊണ്ടായിരുന്നില്ല. സമൂഹത്തിന്റെ വിഡ്ഢിത്തത്തിനെതിരേ ശബ്ദമുയര്‍ത്തി ജനമധ്യത്തില്‍ ജീവിച്ചതുകൊണ്ടാണ് ആ പ്രവാചകന് ആ അനുഭവമുണ്ടായത്. 'എനിക്ക് അല്ലാഹു മതി' എന്ന ഉറച്ച തീരുമാനം പ്രായോഗികമായ വിശ്വാസത്തിന്റെ സംഭാവനയായിരുന്നു.പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അതിനു പിറകിലുള്ള വിശ്വാസവും ആ വിശ്വാസത്തിന്റെ ലക്ഷ്യവും മനസ്സിലോര്‍ക്കുക. എങ്കിലേ ആഘോഷം അര്‍ഥവത്താവൂ.   എല്ലാവര്‍ക്കും ഈദാശംസകള്‍.

RELATED STORIES

Share it
Top