ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണംസര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ശുഹൈബ് കൊല്ലപ്പെട്ടിട്ട് 23 ദിവസമേ ആയിരുന്നുള്ളൂവെന്നും പോലിസ് 11 പ്രതികളെയും വാഹനങ്ങളും പിടികൂടിയിരുന്നുവെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പോലിസിന്റെ ഭാഗത്തു നിന്ന് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ല. കൊല സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പോലും സര്‍ക്കാരിന് സിംഗിള്‍ ബെഞ്ച് അവസരം നല്‍കിയില്ല. പത്രവാര്‍ത്തകളും എഫ്‌ഐആറും മാത്രം വായിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡയറി പരിശോധിക്കണമെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചില്ല. അതു പരിശോധിക്കുകയായിരുന്നുവെങ്കില്‍ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാമായിരുന്നു. സര്‍ക്കാരിന് നോട്ടീസ് അയക്കുകയോ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അവസരം നല്‍കുകയോ ചെയ്യാതെ ഹരജിക്കാരുടെ വാദം മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.
കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍ തന്നെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഫെബ്രുവരി 12ന് കൊലപാതകം നടന്നെങ്കില്‍ 18നാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. 27ന് അഷ്‌കര്‍ എന്ന പ്രതിയെയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയെയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെക്കുറിച്ചുള്ള തുമ്പ് ലഭിക്കുന്നത്. അതിനാലാണ് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ വൈകിയത്. കേസ് ഡയറിയില്‍ ഇതെല്ലാം വ്യക്തമായിരുന്നു. പക്ഷേ, കോടതി പരിശോധിച്ചില്ല. അപ്പീല്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ കേസ് ഡയറി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്.
കൊലപാതകം യുഎപിഎ പ്രകാരം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണ്. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ സാധാരണ കൊലക്കേസുകളില്‍ ഉപയോഗിക്കേണ്ട കാര്യമില്ല. ഈ കൊലരാജ്യത്തിന്റെ അഖണ്ഡതയ്‌ക്കോ ഐക്യത്തിനോ സുരക്ഷയ്‌ക്കോ വെല്ലുവിളിയല്ല.
പ്രതികള്‍ക്ക് രാഷ്ട്രീയനേതാക്കളുമായി ബന്ധമുള്ളതിനാല്‍ നീതി ലഭിക്കില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. കാരണം, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത്. ഉന്നത സിപിഎം നേതാക്കളുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കാനുള്ള രേഖകളൊന്നും സിംഗിള്‍ ബെഞ്ചിന് മുന്നിലുണ്ടായിരുന്നില്ല. കോടതി വിധിയും പരാമര്‍ശവും പോലിസിന്റെ ആത്മവീര്യവും വിശ്വാസ്യതയും തകര്‍ക്കുന്നതാണെന്നും അതിനാല്‍ അടിയന്തര ആവശ്യമായി വിധി സ്‌റ്റേ ചെയ്യണമെന്നും അപ്പീല്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top