ശുഹൈബ് വധക്കേസ്: സിഐ ഓഫിസ് മാര്‍ച്ചില്‍ നാടകീയ രംഗങ്ങള്‍

മട്ടന്നൂര്‍: സംഘര്‍ഷത്തില്‍ കലാശിച്ച യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ സിഐ ഓഫിസ് മാര്‍ച്ചില്‍ നാടകീയ രംഗങ്ങള്‍. ശുഹൈബ് വധക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ പി പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് സിഐ ഓഫിസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് പോലിസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയായിരുന്നു ഉദ്ഘാടകന്‍. പാച്ചേനിയുടെ പ്രസംഗത്തിനിടെ സമരക്കാരെ പോലിസ് തള്ളിമാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
പോലിസും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതൊടുവില്‍ കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പോലിസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ പിരിഞ്ഞുപോവാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പോലിസിനെതിരേ മുദ്രാവാക്യങ്ങളുമായി ഇവര്‍ മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെയാണ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കുനേരെ പോലിസിന്റെ കൈയേറ്റശ്രമം ഉണ്ടായത്. പ്രകോപിതരായ പ്രവര്‍ത്തകരും പോലിസും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി.
പത്തിലേറെ തവണ കണ്ണീര്‍വാതക ഷെല്ല് പോലിസ് എറിഞ്ഞെങ്കിലും ഒന്നുപോലും പൊട്ടിയില്ല. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, ഡിസിസി പ്രസിഡന്റ് രജിത്ത് നാറാത്ത്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, പ്രശാന്ത് കൊതേരി, എം കെ വിനോദ് കുമാര്‍,  ഷിജു ആലക്കാടന്‍, അശ്വിന്‍ മട്ടന്നൂര്‍ എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. കെ സുരേന്ദ്രനും രജിത്ത് നാറാത്തും കണ്ണൂര്‍ മാധവറാവു സിന്ധ്യ ആശുപത്രിയില്‍ ചികില്‍സ തേടി. മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്രിമിനലുകളെ
പോലെ പോലിസ്
പെരുമാറി:
സതീശന്‍ പാച്ചേനി
മട്ടന്നൂര്‍:  സമരക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് ക്രിമിനലുകളെക്കാളും മോശപ്പെട്ട രീതിയിലാണ് നേരിട്ടതെന്ന് ഡിസിസി പ്രസിഡഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഒരുവിഭാഗം പോലിസ് ഉദ്യോഗസ്ഥര്‍ അക്രമണങ്ങള്‍ നടത്തി.
പ്രവര്‍ത്തകര്‍ക്കുനേരെ കാലാവധി കഴിഞ്ഞ മാരക ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന ഗ്രനേഡുകള്‍ പ്രയോഗിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ തുരുമ്പിച്ച ഇരുമ്പുകമ്പികളും വടിയും കല്ലുകളും ഉപയോഗിച്ച് സമരക്കാരെ ആക്രമിച്ചു. ശുഹൈബിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പ്രകടനം
കണ്ണൂര്‍: മട്ടന്നൂര്‍ സിഐ ഓഫിസിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പോലിസ് അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെതിരേ കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. യോഗം  കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ അതുല്‍ ഉദ്ഘാടനം ചെയ്തു.
കെ ബിനോജ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി എ ഹരി, എം കെ വരുണ്‍, ഷിബിന്‍ ഷിബു, ഫര്‍ഹാന്‍ മുണ്ടേരി സംസാരിച്ചു. ദീപു മാവിലായി, നിസാര്‍ മുല്ലപ്പള്ളി, നികേത് നാറാത്ത്, നബീല്‍ വളപട്ടണം, ജിജേഷ് പള്ളിക്കുന്ന്, നൗഫല്‍ താവക്കര, പ്രനില്‍ മതുക്കോത്ത്, സുഗേഷ് പണിക്കര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top