ശുഹൈബ് വധക്കേസ്: ഇനി നിയമയുദ്ധ നാളുകള്‍

ബഷീര്‍   പാമ്പുരുത്തി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബ് വധക്കേസി ല്‍ ഇനി വരാനിരിക്കുന്നത് നിയമയുദ്ധത്തിന്റെ നാളുകള്‍. സമരകോലാഹലങ്ങളും പോര്‍വിളികളും തല്‍ക്കാലം അവസാനിച്ചെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പോരാട്ടം തലശ്ശേരി ഫസല്‍ വധക്കേസ് വഴിയെയാണ് ശുഹൈബ് വധവും നീങ്ങുന്നതെന്ന സൂചന നല്‍കുന്നു.
കൊലപാതകത്തിന്റെ ആദ്യഘട്ടം മുതല്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തി കോണ്‍ഗ്രസ് രാഷ്ട്രീയവിജയം നേടിയെങ്കിലും അതു നീതിപൂര്‍വമായില്ലെന്ന വികാരം തന്നെയാണ് അണികള്‍ക്കിടയിലുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പേരാവൂരിലെ ജനാധിപത്യ അട്ടിമറിക്കെതിരേ നടത്തിയ സമരത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ സമരത്തിനാണ് കണ്ണൂര്‍ സാക്ഷ്യംവഹിച്ചത്. അതേസമയം, വരുംനാളുകളിലെ നിയമപോരാട്ടത്തിലെ ജാഗ്രതയിലാണു കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി.
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഒരു കോണ്‍ഗ്രസ് യുവനേതാവിനു കണ്ണൂരില്‍ സിപിഎമ്മിന്റെ കഠാരരാഷ്ട്രീയത്തി ല്‍ ജീവന്‍ നഷ്ടപ്പെടുന്നത്. നിരവധി അക്രമങ്ങള്‍ക്കിരയായിരുന്നെങ്കിലും ശക്തമായ നിയമപോരാട്ടത്തിലൂടെ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ വേണ്ടത്ര വിജയം വരിക്കാന്‍ കോണ്‍ഗ്രസ്സിനായിരുന്നില്ല. സിപിഎമ്മാവട്ടെ ആക്രമണത്തിലൂടെ എതിര്‍രാഷ്ട്രീയക്കാരെ അമര്‍ച്ചചെയ്യുന്നത് തുടര്‍ന്നതോടെ ഖദര്‍രാഷ്ട്രീയം വിട്ട് കാവിരാഷ്ട്രീയത്തില്‍ കുടിയേറിയവരും കുറവല്ല. ഇതിനിടെയാണ് ശുഹൈബ് വധത്തിലൂടെ ശക്തമായ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ്സിന് അവസരമൊരുങ്ങുന്നത്. എന്നാല്‍, തുടക്കം മുതല്‍ പ്രതിരോധത്തിലായിട്ടും സിപിഎം പ്രതികളെ തള്ളിപ്പറയാതിരിക്കുന്നത് വരുംനാളുകളില്‍ നിയമപോരാട്ടത്തില്‍പ്പോലും ഇടപെടുമെന്നതിന്റെ സൂചനയാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് മുഹമ്മദ്, അഡ്വ. ആസിഫലി മുഖേന ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി ആദ്യനാള്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാവും. സിബിഐ അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂലിച്ചാല്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രിംകോടതിയെയും സമീപിക്കുകയാണെങ്കില്‍ അത് ഫസല്‍ വധക്കേസിലേതിനു സമാനമായ സാഹചര്യമുണ്ടാക്കും.
ഹൈക്കോടതിയില്‍ ശുഹൈബിന്റെ പിതാവു നല്‍കിയ ഹരജിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരെടുത്തു പറഞ്ഞത് മുതലെടുത്ത് സിപിഎമ്മും ജയരാജനും കേസില്‍ കക്ഷിചേരാനും സാധ്യത ഏറെയാണ്. അതിനിടെ, ഹൈക്കോടതിയില്‍ നിന്നു സര്‍ക്കാരിനെതിരേ കൂടുതല്‍ വിമര്‍ശനം വരുന്നതിനു മുമ്പായി കേസിലെ മറ്റു പ്രതികളെയും പിടികൂടി കുറ്റപത്രം സമര്‍പ്പിക്കാനാണു സാധ്യത. കേസന്വേഷണം ശരിയായ ദിശയിലാണെന്നു വരുത്തിത്തീര്‍ത്ത് കോടതിയിലൂടെ തന്നെ സിബിഐയുടെ വരവിനെ തടയിടാനായാല്‍ സിപിഎമ്മിന് അത് രാഷ്ട്രീയവിജയമായി മാറുമെന്ന് അവരും കണക്കുകൂട്ടുന്നുണ്ട്.
ഏതായാലും കേരളത്തിലെ രാഷ്ട്രീയ കൊലക്കേസുകളില്‍ സമാനതകളില്ലാത്ത നിയമപോരാട്ടത്തിനു സാക്ഷ്യംവഹിച്ച ഫസല്‍ വധക്കേസിന്റെ വഴിയെയാണ് ശുഹൈബ് വധക്കേസും നീങ്ങുന്നതെന്നാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

RELATED STORIES

Share it
Top