ശുഹൈബ് വധക്കേസ്: ആറുമാസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണം

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം സംബന്ധിച്ച് കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയുള്ള കേസില്‍ ആറുമാസത്തിനുള്ളില്‍ ഉത്തരവു പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതി. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഇതോടെ സിബിഐ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജികള്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ പിന്‍വലിച്ചു.
സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെയുള്ളത്.മട്ടന്നൂര്‍ ഉള്‍പ്പെട്ട മലബാര്‍ മേഖലയിലെ റിട്ട് ഹരജികളില്‍ അപ്പീല്‍ നല്‍കുന്നതിന് മദ്രാസ് ലെറ്റര്‍ പേറ്റന്റ് നിയമവ്യവസ്ഥയാണു പാലിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതിനു പകരം സുപ്രിംകോടതിയെ സമീപിക്കണമെന്ന പഴയ മലബാര്‍ പ്രവിശ്യാ നിയമമാണ് പാലിക്കേണ്ടതെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. മലബാര്‍ പ്രവിശ്യാ നിയമം അനുസരിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി നിലനില്‍ക്കില്ലെന്നായിരുന്നു കപില്‍ സിബല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഈ വാദം ഇന്നലെ കോടതി പരിഗണിച്ചില്ല.

RELATED STORIES

Share it
Top