ശുഹൈബ് വധം: സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. കേസില്‍ 16ാം പ്രതിയും എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ പി പ്രശാന്തി(47)നെയാണ് മട്ടന്നൂര്‍ സിഐ ജോഷി ജോസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന ഘട്ടത്തിലാണ് ശുഹൈബിന്റെ കൊലപാതകം നടന്നത്.
ഗൂഢാലോചനയും കൊലയാളികള്‍ക്ക് സഹായം ചെയ്തതുമടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ശുഹൈബ് കൊല്ലപ്പെടുന്നതിനു മുമ്പ് പ്രശാന്ത് പ്രതികളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി തെളിഞ്ഞിരുന്നു. കൊലയാളി സംഘത്തിന് കാര്‍ വാടകയ്‌ക്കെടുക്കാന്‍ പണം നല്‍കിയതും ഇദ്ദേഹമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 5000 രൂപയാണ് പ്രശാന്ത് മറ്റു പ്രതികള്‍ക്കു കാര്‍ വാടകയായി നല്‍കിയതെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇക്കാര്യം നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടും പ്രശാന്തിനെ പിടികൂടാന്‍ പോലിസ് തയ്യാറാവാത്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രശാന്ത് പിടിയിലായത്. ലോക്കല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ കുറ്റപത്രത്തില്‍ പേര് ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തദ്സ്ഥാനത്തു നിന്നു സിപിഎം നേതൃത്വം മാറ്റുകയായിരുന്നു. ഇതോടെ, ശുഹൈബ് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്.
തില്ലങ്കേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ആകാശ് (28), രജില്‍ രാജ് (29), ജിതിന്‍ (28), ദീപ്ചന്ദ് (25), അഖില്‍ (27), അന്‍വര്‍സാദത്ത് (24), സഞ്ജയ് (26), രജത്ത് (24), സംഗീത് (26), കെ ബൈജു (36), അസ്‌കര്‍ (28), പി കെ അവിനാഷ് (23), പി നിജില്‍ (27) എന്നിവരാണ് കേസിലെ പ്രതികള്‍.
കൊലപാതകം, സംഘം ചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇനി മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഉന്നത ഗൂഢാലോചനയുണ്ടെന്ന ശുഹൈബിന്റെ ബന്ധുക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രിംകോടതിയെ സമീപിച്ചത്.
ഫെബ്രവരി 12നു രാത്രി മട്ടന്നൂര്‍ തെരൂറിലെ തട്ടുകടയില്‍ ചായ കുടിച്ചിരിക്കെയാണ്, കാറിലെത്തിയ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

RELATED STORIES

Share it
Top