ശുഹൈബ് വധം: പ്രതികള്‍ പരോളിനിറങ്ങിയവരെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ എസ് പി ശുഹൈബിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പോലിസിനു ഗുരുതര വീഴ്ച പറ്റിയെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. സിനിമാ പാട്ടിനെക്കുറിച്ചുപോലും പ്രതികരിക്കുന്ന മുഖ്യമന്ത്രി, ഒരു ചെറുപ്പക്കാരന്റെ കൊലപാതകത്തില്‍ പുലര്‍ത്തുന്ന നിശബ്ദത ഭയപ്പെടുത്തുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിണറായി വിജയന്‍ നയിക്കുന്ന ഇടത് സര്‍ക്കാരില്‍ ഗര്‍ഭസ്ഥ ശിശുവിന് പോലും രക്ഷയില്ലാതായി. ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ 51 വെട്ടിനാണ് സിപിഎമ്മുകാര്‍ കൊന്നതെങ്കില്‍ ശുഹൈബിന്റെ ശരീരത്തില്‍ 37 വെട്ടുകള്‍ ഉണ്ടായിരുന്നു. താലിബാന്‍ മോഡലിലാണ് ശുഹൈബിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണു കൊലയെന്ന് അനുമാനിക്കാവുന്ന തരത്തിലാണു കേസന്വേഷണത്തില്‍ പോലിസിന്റെ മെല്ലെപ്പോക്കെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പോലിസ് ഉേദ്യാഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും വ്യാപകമായിട്ടും കുറ്റവാളികളെ പിടിക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് ശുഹൈബിന്റെ കൊലപാതകത്തിനു മുമ്പ് പരോള്‍ അനുവദിച്ചിരുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.
ശുഹൈബിന്റെ കൊലപാതകത്തിന് മുമ്പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കു കൂട്ടത്തോടെ പരോള്‍ നല്‍കിയതും സംശയാസ്പദമാണ്. ഭീകര സംഘടനകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലുള്ള കൊലപാതകങ്ങളും അക്രമങ്ങളുമാണ് സിപിഎം കേരളത്തില്‍ നടത്തുന്നത്. കൊലയാളികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം. മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ്. ഡമ്മി പ്രതികള്‍ക്കുവേണ്ടിയാണ് മുഖ്യമന്ത്രി കാത്തിരിക്കുന്നത്. അതുവരെ അറസ്റ്റൊന്നും ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top