ശുഹൈബ് വധം: നിലപാട് കടുപ്പിച്ച് കാന്തപുരം വിഭാഗം

കണ്ണൂര്‍: എസ്‌വൈഎസ് പ്രവര്‍ത്തകന്‍ കൂടിയായ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ശുഹൈബ് കൊല്ലപ്പെട്ട വിഷയത്തില്‍ ഒടുവില്‍ നിലപാട് കര്‍ശനമാക്കി കാന്തപുരം സുന്നി വിഭാഗം. ശുഹൈബിന്റെ ഘാതകരെ ഉടന്‍ പിടികൂടാന്‍ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ തന്നെ രംഗത്തെത്തി. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം കൂടിക്കാഴ്ച നടത്തിയത്. ശുഹൈബിന്റെ അരുംകൊലയില്‍ അപലപിച്ച് ആദ്യദിനം തന്നെ എസ്‌വൈഎസ് ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കിലും പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ഇതുവരെ സൂചിപ്പിച്ചിട്ടില്ല.
സിപിഎമ്മുമായി കാന്തപുരം സുന്നി വിഭാഗം കാലങ്ങളായി അടുപ്പത്തിലാണ്. അതിനാല്‍ ശുഹൈബ് വധത്തില്‍ സിപിഎമ്മിനെയോ സര്‍ക്കാരിനെയോ അവര്‍ പരസ്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മേഖലയിലെ ജനകീയപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും മൗനം പാലിക്കുന്ന നേതൃത്വത്തിന്റെ നിലപാടിനെതിരേ അണികളില്‍ അമര്‍ഷം ശക്തമാണ്.
സംഘടനയുടെ അയഞ്ഞ നിലപാട് വിവാദമായതോടെയാണ് പരസ്യ പ്രതിഷേധത്തിനിറങ്ങാന്‍ നേതൃത്വം നിര്‍ബന്ധിതരായത്. എസ്‌വൈഎസ് ജില്ലാ കമ്മിറ്റി ഇന്നു വൈകീട്ട് നാലിന് കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. മട്ടന്നൂര്‍ കേന്ദ്രീകരിച്ചുള്ള എസ്‌വൈഎസ്, എസ്എസ്എഫ് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ മുഖ്യ സംഘാടകന്‍ ശു ഹൈബ് ആയിരുന്നു. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തിയെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല.

RELATED STORIES

Share it
Top