ശുഹൈബ് വധം; നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

മട്ടന്നൂര്‍: എടയന്നൂരിനടുത്ത തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ എസ് വി ശുഹൈബി(30)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. മട്ടന്നൂര്‍ സിഐ എ വി ജോണിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മുഖംമൂടി സംഘം ബോംബെറിഞ്ഞശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. എസ്എസ്എഫ് എടയന്നൂര്‍ യൂനിറ്റ് പ്രവര്‍ത്തകന്‍ കൂടിയായ ശുഹൈബ് തെരൂരിലെ തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ചായ കുടിക്കവെ നമ്പര്‍ പതിക്കാത്ത ഓമ്‌നി വാനിലെത്തിയ സംഘമാണ് ആക്രമിച്ചത്. ശബ്ദം കേട്ട് എത്തിയവര്‍ക്കു നേരെയും ബോംബെറിഞ്ഞു. അക്രമം തടയുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് മന്‍സിലില്‍ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. അക്രമികള്‍ വാനില്‍ രക്ഷപ്പെട്ടു. ശുഹൈബിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയായിരുന്നു മരണം. ശരീരത്തില്‍ 37 മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപോര്‍ട്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കില്‍  നടപടിയെടുക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് എടയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് കഴിഞ്ഞ ആഴ്ചയാണു ജയിലില്‍ നിന്ന് ഇറങ്ങിയത്. ശുഹൈബിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് എടയന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മുഹമ്മദ്-റസിയ ദമ്പതികളുടെ മകനായ ശുഹൈബ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷമീമ, ഷര്‍മിന, സുമയ്യ.

RELATED STORIES

Share it
Top