ശുഹൈബ് വധം: ഗൂഢാലോചന നടന്നത് ചാലോട് ബ്രാഞ്ചിലെന്ന് സൂചന

മട്ടന്നൂര്‍: മുന്‍ മന്ത്രിയുടെ പിഎ കൂടിയായ പാലയോട് സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സിപിഎം ചാലോട് ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നു പോലിസിനു വിവരം ലഭിച്ചതായി സൂചന.
പാലയോട്, എടയന്നൂര്‍, എളമ്പാറ, ചാലോട് തുടങ്ങിയ സ്ഥലങ്ങളിലെ 15ഓളം പേര്‍ക്ക് ഗൂഢാലോചനയുമായി ബന്ധമുണ്ട്. സംഭവദിവസം രാവിലെ മുതല്‍ പാലയോട്, കുമ്മാനം മേഖലകളില്‍ എട്ടോളം വരുന്ന സംഘം ജോലിക്ക് പോവാതെ തമ്പടിച്ചതായി വിവരം ലഭിച്ചു. കൊല്ലപ്പെടുന്ന രണ്ടുനാള്‍ മുമ്പു മുതല്‍ താന്‍ സഞ്ചരിക്കുന്ന വാഹനത്തെ ക്വട്ടേഷന്‍ സംഘം പിന്തുടരുന്നതായി ശുഹൈബ് വെളിപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഒരു സിപിഎം പ്രവര്‍ത്തകന്‍ ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്രെ. ശുഹൈബിനെ കുറ്റിമുടിയുള്ള ആളാണ് കൂടുതല്‍ വെട്ടിയതും അയാളാണ് മികച്ച അഭ്യാസിയെന്നും ശുഹൈബിനൊപ്പം വെട്ടേറ്റ സുഹൃത്ത് നൗഷാദ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, ശുഹൈബ് വധക്കേസില്‍ അറസ്റ്റിലാവാന്‍ ശേഷിക്കുന്നവര്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനത്തിനുമായി അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കൊലയാളികള്‍ എത്തിയ വാഗണര്‍ കാറും കൃത്യം നിര്‍വഹിച്ച ശേഷം വഴിമധ്യേ മാറിക്കയറിയ കാറും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാനായില്ല. വെള്ള വാഗണര്‍ കാറിലാണ് കൊലയാളികള്‍ എത്തിയത്. നമ്പര്‍പ്ലേറ്റ് മാറ്റി ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു. ശുഹൈബിനെ ആക്രമിച്ച ശേഷം, ഓടിയെത്തിയവര്‍ക്കു നേരെ ബോംബെറിഞ്ഞു പ്രതികള്‍ കാറില്‍ മട്ടന്നൂര്‍ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പോലിസ് കര്‍ണാടക ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണത്തിന്റെ ഏകോപന ചുമതല.

RELATED STORIES

Share it
Top