ശുഹൈബ് വധം: ഒരാള്‍ പോലിസ് കസ്റ്റഡിയില്‍

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ സ്‌കൂള്‍പറമ്പത്ത് ഹൗസില്‍ ശുഹൈബി(29)നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. നിരവധി പേരെ ചോദ്യം ചെയ്തശേഷം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടായിരുന്നെങ്കിലും ഇതില്‍ രണ്ടുപേരെ രാത്രിയോടെ വിട്ടയക്കുകയായിരുന്നു. ചാലോട് സ്വദേശിയായ സിഐടിയു പ്രവര്‍ത്തകനാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന.
സംഭവത്തില്‍ നാലുപേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. മട്ടന്നൂര്‍ എസ്‌ഐ എ വി ജോണിന്റെ നേതൃത്വത്തില്‍ 12 അംഗ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.
കൊലപാതകത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും പോലിസിന്റെ പ്രഥമവിവര റിപോര്‍ട്ട് വാദം തള്ളിക്കളയുകയാണ്. കൊലയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ രാഷ്ട്രീയവൈരാഗ്യമാണെന്ന് പോലിസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എടയന്നൂര്‍ മേഖലയിലെ രാഷ്ട്രീയതര്‍ക്കങ്ങളും സംഘര്‍ഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് പോലിസ്. വാഗണര്‍ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് തെരൂരിലെ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കാനെത്തിയ ശുഹൈബിനെ ഫോര്‍ രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയ നാലംഗ മുഖംമൂടി സംഘം കൊലപ്പെടുത്തിയത്. ശുഹൈബിന്റെ കാലുകളില്‍ മാത്രം 37 വെട്ടുകളാണുള്ളത്. കാലുകളില്‍ മാത്രമാണ് വെട്ടേറ്റതെന്നും ചോര വാര്‍ന്നാണ് മരണമെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


RELATED STORIES

Share it
Top