ശുഹൈബ് വധം: അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ചെന്നിത്തല

കോഴിക്കോട്: ശുഹൈബ് വധക്കേസ് അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ഥ പ്രതികളെ പോലിസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതികളെ പിടിക്കാനുള്ള പോലിസിന്റെ അമാന്തം തന്നെ  സംശയം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഉന്നത പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ്  ശുഹൈബിന്റെ കൊലപാതകം നടന്നതെന്നു വ്യക്തമാണ്. കൊലപാതകത്തിനു  പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ ഗൂഢാലോചനക്കാരെ കണ്ടെത്തണം.
സംസ്ഥാനത്ത് സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണ്. ശുഹൈബിന്റെ കൊലപാതകം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നുവെന്നാണ് സിപിഎം പറയുന്നത്.   അക്രമങ്ങളില്‍ മുഴുകുന്ന സിപിഎമ്മിന് ഇതു സാധാരണ സംഭവം മാത്രമായതുകൊണ്ടാണ് അവരങ്ങിനെ പറയുന്നത്. അറസ്റ്റിലായ പ്രതികള്‍ ഡമ്മികളാണന്ന് കൊടിയേരിയുടെ പ്രസ്താവനകളിലൂടെ തന്നെ തെളിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായിരിക്കുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിച്ച ഐ ജി മഹിപാല്‍ യാദവിനെ കേസന്വേഷണ ചുമതല ഏല്‍പ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നു ചെന്നിത്തല ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പറയുന്നതാണോ അതോ എഡിജിപി പറയുന്നതാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടത്.
കേസന്വേഷണം നടത്തിക്കൊണ്ടിരുന്ന എസ്പി ശിവ വിക്രം എന്തിനാണ് അവധിയില്‍ പോയതെന്ന് വ്യക്തമാക്കണം. സിനിമാ പാട്ടുകളെ കുറിച്ച് പ്രതികരിച്ച മുഖ്യനു കൊലപാതകത്തെ കുറിച്ച് പ്രതികരിക്കാന്‍  ആറു ദിവസം വേണ്ടി വന്നു. ഇത്തരത്തിലുള്ള  നിലപാടുകള്‍ പൊതുജനങ്ങള്‍ക്ക്  മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിനിടയാക്കിയിട്ടുണ്ട്. ആര്‍എസ് എസ് കൊലപാതകങ്ങളില്‍  അപലപിക്കുന്ന  സിപിഎം കേന്ദ്ര നേതൃത്വം  ശുഹൈബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്തതെന്താണന്ന് അദ്ദേഹം ചോദിച്ചു.
വിഷയത്തില്‍  സീതാറാം യെച്ചൂരി പാര്‍ട്ടി നിലപാട്  വ്യക്തമാക്കണം.  ശുഹൈബ് വധകേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയെ കുറിച്ച് വിലയിരുത്താന്‍  അടുത്ത ദിവസങ്ങളില്‍ ആലോചന യോഗം ചേരും.  സംസ്ഥാനത്ത് ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് ബോട്ടുടമകളും മല്‍സ്യത്തൊഴിലാളികളും നടത്തുന്ന അനശ്ചിതകാല സമരം അവസാനിപ്പിക്കാന്‍  സര്‍ക്കാര്‍ തയ്യാറാവണം. ഓടു വ്യവസായ മേഖലയും സമാനമായ പ്രതിസന്ധി നേരിടുകയാണ്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും  ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top