ശുഹൈബ് വധം: അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ് പി ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റം ഒഴിവാക്കി 90ാം ദിവസം പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു.
മട്ടന്നൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച 386 പേജുള്ള കുറ്റപത്രത്തില്‍ 11 പ്രതികളാണുള്ളത്. എന്നാല്‍, ഗൂഢാലോചന സംബന്ധിച്ച പരാമര്‍ശമില്ല. എടയന്നൂരിലുണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. 8000ഓളം പേജുള്ള അനുബന്ധ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പുതിയ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എ വി ജോണ്‍ കോടതിയെ അറിയിച്ചു.
ഫെബ്രുവരി 12നു രാത്രി 10.30ഓടെയാണ് കാറിലെത്തിയ സംഘം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, രജില്‍രാജ്, ജിതിന്‍, ദീപ്ചന്ദ്, അഖില്‍, അന്‍വര്‍ സാദത്ത്, സഞ്ജയ്, രജത്ത്, സംഗീത്, കെ ബൈജു, അസ്‌കര്‍ എന്നിവരാണു പ്രതികള്‍. കൊലപാതകം, സംഘംചേര്‍ന്നുള്ള ആക്രമണം, വധശ്രമം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും ആയുധങ്ങളും കണ്ടെടുത്തിരുന്നു.
പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശംവച്ചതിനാല്‍ ജില്ലാ കലക്ടറുടെ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകത്തിനുള്ള കാരണവും പ്രതികള്‍ക്കുള്ള പങ്കും വിവരിക്കുന്ന കുറ്റപത്രത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ആകാശ് തില്ലങ്കേരി ഒന്നാംപ്രതിയാണ്. എന്നാല്‍, സിപിഎം പ്രാദേശിക നേതൃത്വമാണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പ്രതികള്‍ മൊഴി നല്‍കിയിട്ടും അന്വേഷണം ആ വഴിക്കു നീങ്ങിയിട്ടില്ലെന്നാണു കുറ്റപത്രം സൂചിപ്പിക്കുന്നത്.
ശുഹൈബിന്റെ മാതാപിതാക്കളുടെ ഹരജിയില്‍ മാര്‍ച്ച് 7ന് കേസന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐക്ക് കൈമാറിയിരുന്നു. എന്നാല്‍, മാര്‍ച്ച് 14ന് സര്‍ക്കാരിന്റെ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവു സ്‌റ്റേ ചെയ്തു. കേസ് വേനലവധിക്കുശേഷം പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഇതിനെതിരേ ശുഹൈബിന്റെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചു.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി നടപടിക്രമങ്ങള്‍ ജൂലൈയിലേക്കു മാറ്റിയിരിക്കുകയാണ്. പ്രതികളായ ബൈജു, സഞ്ജയ് എന്നിവര്‍ക്ക് കഴിഞ്ഞയാഴ്ച ജാമ്യം ലഭിച്ചു. എന്നാല്‍, മറ്റു പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. അതേസമയം, സിപിഎമ്മിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top