ശുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞു വേദിയില്‍ വിങ്ങിപ്പൊട്ടി കെ സുധാകരന്‍

ദോഹ: ഖത്തറിലെ പ്രസംഗത്തിനിടെ കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശുഹൈബിന്റെ മരണ വാര്‍ത്ത അറിഞ്ഞ് വേദിയില്‍ വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും താരതമ്യപ്പെടുത്തി പ്രസംഗം കത്തിക്കയറവേ ആയിരുന്നു സ്‌റ്റേജില്‍ നിന്ന് ഒരു പ്രവര്‍ത്തകന്‍ ശുഹൈബിന്റെ മരണം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് കൈമാറിയത്. കുറിപ്പു വായിച്ചതോടെ നെറ്റിയില്‍ കൈ വച്ച് വികാരാധീനനായ സുധാകരന് വാക്കുകള്‍ കിട്ടാതായി. നമ്മുടെ പ്രിയ പ്രവര്‍ത്തകന്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് പറഞ്ഞ് സംസാരം തുടര്‍ന്നെങ്കിലും അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കെ സി അബു ഉള്‍പ്പെടെയുള്ളവര്‍ സുധാരകന്റെ സമീപത്തേക്ക് എത്തി. തന്റെ വളരെ അടുത്ത, പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു ശുഹൈബ് എന്ന് സുധാകരന്‍ പറഞ്ഞു. ‘എനിക്കു തിരിച്ചുപോകണം. വാക്കുകള്‍ ഞാന്‍ ചുരുക്കുകയാണ്. സോറി-’എന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.അതേസമയം, ശുഹൈബിന്റെ കൊലപാതകം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ അറിവോടെയാണെന്നും സുധാകരന്‍ പറഞ്ഞു. അതിനാല്‍ നീതിപൂര്‍വമായ ഒരന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top