ശുഹൈബിന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് ധനസഹായം നല്‍കി

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ കുടുംബത്തിനായി അഖിലേന്ത്യാ കമ്മിറ്റി സ്വരൂപിച്ച സഹായധനം പ്രസിഡന്റ് കേശവ് ചന്ദ് യാദവ് കൈമാറി. അഞ്ചുലക്ഷം രൂപയുടെ ചെക്കാണ് ശുഹൈബിന്റെ പിതാവ് മുഹമ്മദിന് നല്‍കിയത്. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹിംസാത്മക രാഷ്ട്രീയമാണ് നടപ്പാക്കുന്നതെന്ന് കേശവ് ചന്ദ് യാദവ് കുറ്റപ്പെടുത്തി. നരേന്ദ്ര മോദിക്കും പിണറായി വിജയനും സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാനോ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ കഴിയുന്നില്ല. ഇരുവരുടെയും പാര്‍ട്ടി വര്‍ഗീയ ഫാഷിസത്തിന്റെയും രാഷ്ട്രീയ ഫാഷിസത്തിന്റെയും പേരില്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി.
ദേശീയ വൈസ് പ്രസിഡന്റ് ഡോ. ശ്രീനിവാസ്, ദേശീയ സെക്രട്ടറിമാരായ ആര്‍ രവീന്ദ്രദാസ്, ജെബി മേത്തര്‍, ഷാഫി പറമ്പില്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം ജില്ലാ വൈസ് പ്രസിഡന്റ് ഒ കെ പ്രസാദ് സംസാരിച്ചു.

RELATED STORIES

Share it
Top