ശുപാര്‍ശകള്‍ സര്‍ക്കാര്‍ അവഗണിക്കുന്നുനോക്കുകുത്തികളായി പോലിസ് കംപ്ലയിന്റ് അതോറിറ്റികള്‍

ആബിദ്
കോഴിക്കോട്: സംസ്ഥാനത്തെ പോലിസ് കംപ്ലയ്ന്റ് അതോറിറ്റികള്‍ നോക്കുകുത്തികളാവുന്നെന്ന് ആക്ഷേപം. പോലിസുകാര്‍ പ്രതികളാവുന്ന പരാതികളില്‍ അന്വേഷണം നടത്തി ശുപാര്‍ശ സമര്‍പ്പിക്കാന്‍ എല്ലാ ജില്ലകളിലും കംപ്ലയിന്റ് അതോറിറ്റികളുണ്ട്. എന്നാല്‍, പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ അതോറിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച നൂറുകണക്കിന് ശുപാര്‍ശകളാണ് നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നത്.
പരാതി പരിഹാരത്തിനായി നടത്തുന്ന സിറ്റിങുകളില്‍ പ്രതികളായ പോലിസുകാര്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുന്നതും കേസുകള്‍ നീണ്ടുപോവുന്നതിനിടയാക്കുന്നുണ്ട്. ഇക്കാര്യം അതോറിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. വാദിയും പ്രതിയും സ്ഥിരമായി ഹാജരാവാത്തതാണ് പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാത്തതെന്നാണ് ഉത്തരമേഖലാ ചെയര്‍മാന്‍ കെ വി ഗോപിക്കുട്ടന്റെ വിശദീകരണം. പോലിസുകാര്‍ ഹാജരാവാതിരിക്കുന്നതാണ് പലപ്പോഴും കേസ് നീണ്ടുപോവാനിടയാക്കുന്നത്. കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന സിറ്റിങില്‍ പ്രതികളായ പോലിസുകാര്‍ ഹാജരാവാത്തതിനാല്‍ 37 പരാതികളാണു മാറ്റിവച്ചത്. ജില്ലാ കലക്ടര്‍ യു വി ജോസും സിറ്റി പോലിസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാറും സിറ്റിങിന് എത്തിയിരുന്നില്ല.
തുടര്‍ച്ചയായി മൂന്ന് തവണ സിറ്റിങിന് വാദിയോ പ്രതിയോ ഹാജരായില്ലെങ്കില്‍ കേസ് എക്‌സ്പാര്‍ട്ട് ചെയ്യാമെന്ന് അതോറിറ്റിയുടെ നിയമാവലിയിലുണ്ടെങ്കിലും പലപ്പോഴും ഇത് പ്രാവര്‍ത്തികമാവാറില്ല. കേസുകള്‍ നീണ്ടുപോവുമെന്ന ആശങ്ക പലപ്പോഴും ആളുകളെ പരാതി നല്‍കുന്നതില്‍ നിന്നുതന്നെ പിന്തിരിപ്പിക്കുന്നു.
പോലിസ് അകാരണമായി ദേഹോപദ്രവമേല്‍പ്പിക്കുന്നെന്ന പരാതികളാണ് കംപ്ലയിന്റ്് അതോറിറ്റിയില്‍ കൂടുതലായി ലഭിക്കുന്നത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സിറ്റിങിനുണ്ടാവുമെന്നതിനാല്‍ വാദികള്‍ പേടിച്ച് പിന്‍മാറുന്ന സാഹചര്യവുമുണ്ട്. പരാതികളില്‍ ഭൂരിഭാഗവും പ്രതികളായ പോലിസുകാര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കുന്നെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സ്ഥിരാംഗങ്ങളായ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍, പോലിസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി സമര്‍പ്പിച്ചവരെയും പരാതി ഉള്ളവരെയും ഒരുമിച്ചുകൊണ്ടുവന്ന് പ്രതിഷേധം സംഘടിപ്പിക്കാനുള്ള ആലോചനകള്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വിവിധ സംഘടനകളുടെ നേതൃത്ത്വത്തില്‍ നടന്നുവരുന്നുണ്ട്.

RELATED STORIES

Share it
Top