ശുദ്ധജല സ്രോതസുകളുടെ സംരക്ഷണത്തിന് പദ്ധതി

വടകര: അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല സ്രോതസുകളെ സംരക്ഷിക്കുന്നതിന് വേണ്ടി ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ നവീന പദ്ധതി കുടിനീര്‍ തെളിനീര്‍ ജീവാമൃതം പദ്ധതി നടപ്പിലാക്കുന്നു.
കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സെന്റര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്(സിഡബ്ല്യുആര്‍ഡിഎം), തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിസിഡിയു(കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡെവലപ്‌മെന്റ് യൂനിറ്റ്) എന്നീ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പദ്ധതിക്കായി 36 ജലമിത്രങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവവര്‍ക്ക് 9ന് കുന്ദമംഗലത്ത് വച്ച് പരിശീലനം സംഘടിപ്പിക്കും.
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി സഹിതം മുഴുവന്‍ കിണറുകളും സിസിഡിയു നല്‍കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച് പ്രാരംഭ പരിശോധന ജലമിത്രങ്ങള്‍ നടത്തുന്നതാണ്. തുടര്‍ന്ന് പരിശോധനയില്‍ മോശം അവസ്ഥയിലുള്ള കിണറുകളിലെ വെള്ളം സിസിഡിയു വിന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിക്കും.
ഇതിനായി പഞ്ചായത്തിന്റെ സബ്ബ്‌സിഡി ലഭ്യമാക്കും. കിണര്‍ ഓഡിറ്റ് നടത്തുന്നതോടൊപ്പം സാനിറ്റേഷന്‍മാപ്പ്, കിണര്‍ ഡയറക്ടറി എന്നിവയും തയ്യാറാക്കും. പ്രാരംഭ പരിശോധനയില്‍ മലിനമായ കിണറുകളിലെ വെള്ളം ശുദ്ധമാക്കുന്നതിന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കെഡബ്ല്യുഎ വാട്ടര്‍കണക്ഷന്‍ എടുക്കുന്നതിന് 5000 രൂപയും ശുദ്ധജല സ്ത്രതസുകളാക്കി മാറ്റുന്നതിന് 6000, പുതിയ കിണര്‍കുഴിക്കുന്നതിന് 15000 ഈ പദ്ധതിയില്‍ഉള്‍പ്പെടുത്തി ധനസഹായം നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
വാട്ടര്‍കാര്‍ഡും എല്ലാ വീട്ടുകാര്‍ക്കും പദ്ധതിയുടെ ഭാഗമായി നല്‍കുന്നതാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും, വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഈ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ ജലശ്രീ ക്ലബുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രാരംഭ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടി അയ്യൂബ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. സിസിഡിയു ഡയരക്ടര്‍ ഡോ.സുനില്‍ കുമാര്‍, സിഡബ്ല്യുആര്‍ഡിഎം ശാസ്ത്രജ്ഞന്‍ ഡോ. മാധവന്‍ കോമത്ത്, വാട്ടര്‍ക്വാളിറ്റി കണ്‍സള്‍ട്ടന്റ് ജസ്‌ന എന്നിവര്‍ സാങ്കേതിക ക്ലാസുകള്‍ നല്‍കി. ഡോ.അബ്ദുള്‍നസീര്‍(മെഡിക്കല്‍ ഓഫീസര്‍, പിഎച്ച്‌സി), വൈസ് പ്രസിഡന്റ് റീന രയരോത്ത്, ബ്ലോക്ക് മെമ്പര്‍ കെ പ്രമോദ്, ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലേരി, സുധ മാളിയേക്കല്‍, കെ സജീവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top