ശുദ്ധജല ദൗര്‍ലഭ്യം : അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞുമല കൊണ്ടുവരാന്‍ യുഎഇ ഒരുങ്ങുന്നു

അബൂദബി: അന്റാര്‍ട്ടിക്കയില്‍ നിന്നു മഞ്ഞുമല കൊണ്ടുവന്ന് മേഖലയിലെ ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കാനൊരുങ്ങി യുഎഇ. മസ്ദാര്‍ സിറ്റിയിലെ സ്വകാര്യ കമ്പനിയാണ് മഞ്ഞുമല കൊണ്ടുവരുന്ന പദ്ധതിയുമായി മുന്നോട്ടുപോവുന്നത്. 12,600 കിലോമീറ്റര്‍ അകലെയുള്ള അന്റാര്‍ട്ടിക്കയില്‍ നിന്നു യുഎഇയിലെ ഏഴ് എമിറേറ്റ്‌സുകളിലൊന്നായ ഫുജൈറയിലേക്കാണ് മഞ്ഞുമല കൊണ്ടുവരാനുള്ള പദ്ധതി കമ്പനി തയ്യാറാക്കിയത്. ഒരു വന്‍ മഞ്ഞുമലയില്‍ ഗാലന്‍ കണക്കിന് ശുദ്ധജലമാണ് ഉള്‍ക്കൊള്ളുന്നതെന്നും പത്തുലക്ഷം പേര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ ഈ ജലം മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു വര്‍ഷത്തിനകം പദ്ധതി നടപ്പാക്കാനാവുമെന്നാണു പ്രതീക്ഷ. ഇതിനായുള്ള സാങ്കേതിക, സാമ്പത്തിക രൂപരേഖകള്‍ തയ്യാറാക്കിവരികയാണ്.വെള്ളത്തിനാണു മുന്‍ഗണന എന്നതിനാല്‍ ഏറ്റവും അനുയോജ്യമാര്‍ഗമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. ഇത് യുഎഇയിലെ വിനോദസഞ്ചാര, കാലാവസ്ഥാ രംഗങ്ങളില്‍ മികച്ച മാറ്റങ്ങള്‍ സാധ്യമാക്കുമെന്നും കമ്പനി ഡയറക്ടര്‍ സുലൈമാന്‍ അല്‍ ഷഹി മാധ്യമങ്ങളോട് പറഞ്ഞു. സംസ്‌കരിക്കപ്പെടുന്നതിനു മുമ്പുതന്നെ മഞ്ഞുമല ടാങ്കുകളിലേക്കു മാറ്റുന്ന രീതിയായിരിക്കും സ്വീകരിക്കുക. മഞ്ഞുമലയുടെ സാന്നിധ്യം യുഎഇയിലെ വരണ്ട കാലാവസ്ഥയെ ഈര്‍പ്പമുള്ള മാക്രോ അവസ്ഥയിലേക്കു മാറ്റും. ഇതിന്റെ ഫലമായി മേഖലയില്‍ മഴയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top