ശുജാഅത്ത് ബുഖാരി വധം: ഒരാള്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരി കൊല്ലപ്പെട്ട കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന നാലു പേരുടെ ചിത്രങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടുണ്ട്. അറസ്റ്റിലായ ആളെ പോലിസ് ചോദ്യം ചെയ്തുവരുകയാണ്. കൊലപാതകികളെന്നു സംശയിക്കുന്ന മൂന്നു പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം അന്വേഷണസംഘം പുറത്തുവിട്ടത്. ഇവര്‍ മുഖം മറച്ചിരുന്നു. അക്രമികളെ തിരിച്ചറിയാന്‍ പോലിസിനെ ജനങ്ങള്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം തന്നെയാണ് ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ടത്. ബുഖാരിയുടെ മൃതദേഹം പരിശോധിക്കുന്ന താടിവച്ച ഒരു യുവാവിന്റെ ചിത്രം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പോലിസ് പുറത്തുവിട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്.ബുഖാരിയും അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ടു പോലിസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രമാണ് ഇതെന്നു കരുതുന്നു. കേസ് അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. വ്യാഴാഴ്ച രാത്രിയാണ് റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററായ ശുജാഅത്ത് ബുഖാരി വെടിയേറ്റു മരിക്കുന്നത്. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവിലുള്ള ഓഫിസില്‍ നിന്ന് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് അദ്ദേഹത്തിനു നേരെ വെടിവയ്പുണ്ടായത്.  ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന രണ്ടു പോലിസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top