ശുചീകരണത്തിനിറങ്ങുന്നവര്‍ പ്രതിരോധ മരുന്ന് കഴിക്കണം

തിരുവനന്തപുരം: എലിപ്പനിക്കെതിരേ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പ്രളയ ബാധിത ജില്ലകളില്‍ ശുചീകരണത്തിനു പോവുന്നവരും മടങ്ങിയെത്തിയവരും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണമെന്ന് ഇതു സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി പറഞ്ഞു. ജില്ലയിലെ കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യാന്‍ വിവിധ ഏജന്‍സികള്‍ക്കു കലക്ടര്‍ നിര്‍ദേശം നല്‍കി.ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ 200 മില്ലി ഗ്രാം ഒരുമിച്ച് ആഴ്ചയിലൊരിക്കല്‍ കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തി ല്‍ ഏര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഗുളിക കഴിക്കണം. പനി, ശരീര വേദന, കാലിലെ പേശികളില്‍ വേദന, കണ്ണിന് മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറവും നിറവ്യത്യാസവും തുടങ്ങിയ ലക്ഷണങ്ങളെന്തെങ്കിലുമുണ്ടായാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടണം. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ സര്‍ക്കാര്‍ നല്‍കിയ ചികില്‍സാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികളുമായി ഇത്തരം ആശുപത്രികളില്‍ ചികില്‍സ തേടുന്നവരുടെ എണ്ണവും മറ്റു വിവരങ്ങളും ദിവസവും ജില്ലാ മെഡിക്കല്‍ ഓഫിസില്‍ അറിയിക്കണം.തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ എലിപ്പനി ബോധവല്‍കരണത്തിന് അതത് വകുപ്പുകളെ ചുമതലപ്പെടുത്തി. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി ബോധവല്‍കരണം നടത്താനും എലിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനു ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം വിആര്‍ വിനോദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. നീന റാണി (ഇന്‍ ചാര്‍ജ്), പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍എ ഹില്‍ക് രാജ്, ഹരിത കേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ഡി ഹുമയൂണ്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top