ശുചിമുറി മാലിന്യം തള്ളിയവരെ ഓടിച്ചിട്ടു പിടിച്ചു

പറവൂര്‍: ശുചിമുറി മാലിന്യം തള്ളിയവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചു. മട്ടാഞ്ചേരി മഠത്തിപ്പറമ്പില്‍ ഷംനാസ്(29), വരിക്കാശേരി ടാന്‍സണ്‍, കച്ചേരിപ്പടി കൊല്ലിയില്‍ ഫൈസല്‍, ഇടക്കൊച്ചി ആനക്കാപ്പറമ്പില്‍ മനു (28) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
പുത്തന്‍വേലിക്കര ഭാഗത്തു നിന്നു ശേഖരിച്ച ശുചിമുറി മാലിന്യമാണു ചേന്ദമംഗലം ഭാഗത്തു തള്ളിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പാലിയം സ്‌കൂളിനു സമീപത്തെ തോട്ടിലും വഴിയരികിലുമായാണു വാഹനത്തില്‍ കൊണ്ടുവന്ന ശുചിമുറിമാലിന്യം തള്ളിയത്.
വാഹനത്തിന്റെ ടാങ്കറിലെ വാല്‍വ് തുറന്നു തോട്ടിലേക്കു മാലിന്യം ഒഴുക്കുന്നതിനിടെ വഴിയിലൂടെ ബീക്കണ്‍ ലൈറ്റ് ഇട്ട് ഒരു ആംബുലന്‍സ് എത്തി. പോലിസ് ആണെന്നു തെറ്റിദ്ധരിച്ചു മാലിന്യം തള്ളാനെത്തിയവര്‍ വാഹനം എടുത്തുകൊണ്ടുപോയി. പക്ഷെ, ടാങ്കറിന്റെ വാല്‍വ് അടച്ചില്ല. വാഹനം നീങ്ങിയ വഴികളിലെല്ലാം ശുചിമുറിമാലിന്യം വീണു. മാലിന്യം റോഡിലിട്ടു വാഹനം പായുന്നതു ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം കണ്ടു കഴിഞ്ഞു ഭരണിമുക്കില്‍ നിന്നിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ടു. ഒന്‍പതു ബൈക്കുകളിലായി ഇവര്‍ വാഹനത്തിന്റെ പിന്നാലെ പാഞ്ഞു.
പറവൂര്‍ ചേന്ദമംഗലം കവലയിലൂടെ ചിത്രാഞ്ജലി ഭാഗത്തു നിന്നു പെരുവാരം വഴി വരാപ്പുഴയിലേക്കു പോകാനായിരുന്നു മാലിന്യം തള്ളിയവരുടെ പദ്ധതി. ചിത്രാഞ്ജലി തിയേറ്ററിന്റെ ഭാഗത്തു രണ്ടു പേര്‍ ബൈക്ക് വട്ടം വെച്ചതോടെ വെട്ടിച്ചു കെഎംകെ കവല വഴി മുനമ്പം ഭാഗത്തേക്കു പോയി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിടാതെ പിന്തുടര്‍ന്നതോടെ മുനമ്പം സ്‌റ്റേഷനു മുന്നിലെ റോഡില്‍വണ്ടിയിട്ടു വാഹനത്തിലുണ്ടായിരുന്ന നാലു പേര്‍ സ്‌റ്റേഷനിലേക്ക് ഓടിക്കയറി. പിന്നാലെ സ്‌റ്റേഷനിലെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. വാഹനത്തിന്റെ മുന്നിലെ ചില്ലു തകര്‍ത്തു.

RELATED STORIES

Share it
Top