ശുചിത്വം പ്രഖ്യാപനത്തില്‍ മാത്രം; ബദിയടുക്കയിലെങ്ങും മാലിന്യക്കൂമ്പാരം

ബദിയടുക്ക: സമ്പൂര്‍ണ ശുചിത്വവും പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ബദിയടുക്ക ടൗണിലും പരിസരങ്ങളിലും മാലിന്യ കൂമ്പരം. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും കയറി ഇറങ്ങി ശൂചിത്വത്തെ കുറിച്ച് ബോധവല്‍ക്കരണവും സര്‍വേ പ്രവര്‍ത്തനവും നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
അതോടൊപ്പം പഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും ആരോഗ്യ വകുപ്പ് അധികൃതരും കുടുംബശ്രീ പ്രവര്‍ത്തകരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെയും അണി നിരത്തി ടൗണില്‍ ശുചിത്വ വിളംബര ഘോഷയാത്രയും നടത്തി പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് അധികൃതര്‍ ശ്രമിച്ചുവെന്നാണ് ആക്ഷേപം.
മാത്രവുമല്ല ശൂചീകരണ പ്രവര്‍ത്തനത്തിന് അനുവദിച്ച തുക ചെലവഴിച്ചതല്ലാതെ ടൗണിലെ ചില സ്ഥലങ്ങളില്‍ ഇപ്പോഴും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. ടൗണിലെ ചില സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പൊതു സ്ഥലങ്ങളിലുമാണ് മാലിന്യം കുമിഞ്ഞു കൂടുന്നത്.
സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് വ്യക്തമായി അറിയാമെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കേണ്ടത് പഞ്ചായത്ത് അധികൃതരെന്ന് പറഞ്ഞ് കൈയൊഴിയുകയാണ് ചെയ്യുന്നതെന്ന ആരോപണമുണ്ട്. അതേ സമയം വൈകുന്നേരങ്ങളില്‍ നവജീവന്‍ ഹൈസ്‌കൂള്‍ റോഡ് മദ്യപന്‍മാര്‍ കൈയടക്കുകയും ഇവര്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും ഗ്ലാസുകളിലും വെള്ളം കെട്ടി നിന്ന് ഇവയില്‍ കൊതുകുകള്‍ മുട്ടയിടുന്നത് മൂലം ഇവിടെ കൊതുക് വളര്‍ത്ത് കേന്ദ്രമാവുകയാണ്.
അതേ സമയം പ്ലാസ്റ്റിക് നിരോധിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് അധികൃതരും വ്യാപാരി പ്രതിനിധികളും പോസ്റ്ററുകളും മറ്റു അടിച്ചിറക്കി പ്രഖ്യാപനം നടത്തിയതല്ലാതെ ഇന്നും യാഥാര്‍ഥ്യമാവാതെ രാത്രിയാകുന്നതോടെ ടൗണിലെ ചില വ്യാപാരികള്‍ തന്നെ പ്ലാസ്റ്റിക് കവറുകളിലാക്കി  പൊതു സ്ഥലത്ത് വലിച്ചെറിയുന്നതായും പരാതിയുണ്ട്.

RELATED STORIES

Share it
Top