ശീതസമരത്തിന്റെ നാളുകള്‍ തിരിച്ചുവരുന്നു

ഏതാണ്ട് മൂന്നു ദശാബ്ദം മുമ്പ് അവസാനിച്ചുവെന്നു പറയപ്പെടുന്ന ശീതസമരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ട്വിറ്ററിലൂടെ ദേശീയ നയങ്ങള്‍ പ്രഖ്യാപിക്കുകയെന്ന വിചിത്ര സ്വഭാവമുള്ള ട്രംപ് അമേരിക്കയുടെ ദേശീയ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചപ്പോള്‍, സോവിയറ്റ് യൂനിയന്‍ നിലനിന്ന കാലത്തു കണ്ടപോലെ ആഗോളതലത്തില്‍ ശത്രുക്കളെ വീണ്ടും നിര്‍ണയിക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വഌദിമിര്‍ പുടിന്റെ ഇടപെടലുണ്ടായതിന്റെ ഗുണങ്ങള്‍ ലഭിച്ചതിനാലാവണം ഇപ്പോള്‍ ട്രംപ് റഷ്യയോട് അല്‍പം മൃദുലമായാണ് പെരുമാറുന്നത്. പകരം യുഎസിനു ബദലായി അതിവേഗം വളരുന്ന ചൈനയ്ക്കു നേരെയാണ് വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്. പിന്നീട്, തെമ്മാടിരാഷ്ട്രങ്ങള്‍ എന്നു പണ്ട് ജോര്‍ജ് ബുഷ് വിശേഷിപ്പിച്ച ഇറാനെയും വടക്കന്‍ കൊറിയയെയും ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ നയതന്ത്ര വിദഗ്ധരെയും പെന്റഗണിലെ സൈനിക മേധാവികളെയുമൊന്നും പരിഗണിക്കാതെ തയ്യാറാക്കിയതാണ് വൈറ്റ്ഹൗസിന്റെ സുരക്ഷാ പദ്ധതിയെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പ്രസിഡന്റും തമ്മില്‍ ഇപ്പോള്‍ തന്നെ ചെറിയ കലഹങ്ങള്‍ നടക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവും തീവ്ര വലതുപക്ഷക്കാരനുമായ ജന. മക്മാസ്റ്ററുമായാണ് ട്രംപിന് കൂടുതല്‍ അടുപ്പം. യുദ്ധക്കൊതിയനായി അറിയപ്പെടുന്ന മക്മാസ്റ്റര്‍ വടക്കന്‍ കൊറിയയെയും ഇറാനെയുമൊക്കെ സൈനികമായി കീഴ്‌പ്പെടുത്തിക്കളയാമെന്നു കരുതുന്നയാളാണ്. വന്‍ശക്തികള്‍ തമ്മില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ കണ്ട കിടമല്‍സരം തിരിച്ചുവരുന്നുവെന്ന് ട്രംപിന്റെ സുരക്ഷാരേഖ വ്യക്തമാക്കുന്നു. പതിവുപോലെ മധ്യപൗരസ്ത്യദേശത്തു വളര്‍ന്നുവരുന്ന ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്തുന്ന പഴയ യുഎസ് നയം തുടരുമെന്ന സൂചനയും രേഖയിലുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കും ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് നടപടിയെ അപലപിക്കുന്ന രക്ഷാസമിതി പ്രമേയം യുഎസ് വീറ്റോ ചെയ്തത്. അങ്ങനെയൊരു പ്രമേയം കൊണ്ടുവന്ന കാര്യം യുഎസ് ഒരിക്കലും മറക്കില്ലെന്ന ഭീഷണിയോടെയാണ് യുഎസ് പ്രതിനിധി അതു വീറ്റോ ചെയ്തത്. രേഖയെന്തു പറഞ്ഞാലും സാമ്പത്തിക മേഖലയില്‍ പിറകോട്ടടിക്കുന്ന യുഎസിനു ചൈനയെയോ റഷ്യയെയോ നേരിടാനുള്ള ശേഷി കുറഞ്ഞുവരുകയാണ് എന്നു വ്യക്തം. വടക്കന്‍ കൊറിയ വടക്കേ അമേരിക്കന്‍ നഗരങ്ങളില്‍ വരെയെത്തുന്ന ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചതിനോട് വാഷിങ്ടന്റെ പ്രതികരണം പതുക്കെയായിരുന്നു. തല്‍ക്കാലം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഫലസ്തീനില്‍ ചെയ്യുന്നപോലെ വലിയ മതില്‍ പണിയുന്നതില്‍ മാത്രമൊതുങ്ങും യുഎസിന്റെ സുരക്ഷ. പക്ഷേ, പ്രവചനാതീതമായ പെരുമാറ്റങ്ങള്‍ക്കു കുപ്രസിദ്ധനാണ് ട്രംപ്. വൈറ്റ്ഹൗസില്‍ അങ്ങനെയൊരാള്‍ കയറിപ്പറ്റിയെന്നതു തന്നെയാണ് ലോകസമാധാനത്തിനു വലിയ ഭീഷണിയായി നിലനില്‍ക്കുന്നത്.

RELATED STORIES

Share it
Top