ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ അവാര്‍ഡ് ദാനം പൊളിക്കാന്‍ ശ്രമം

എടപ്പാള്‍: വര്‍ഷങ്ങളായി എടപ്പാള്‍ പഞ്ചാത്തിലെ മുസ്്‌ലിംലീഗിനുള്ളില്‍ തുടരുന്ന ഗ്രൂപ്പ് വടംവലി മറനീക്കി പുറത്ത്. യൂത്ത് ലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനം പൊളിക്കാനുള്ള ലീഗ് ഔദ്യോഗിക വിഭാഗത്തിന്റെ ശ്രമമാണ് തിങ്കളാഴ്ച മറനീക്കി പുറത്തായത്.
അവാര്‍ഡ് ജേതാവ് സാഹിത്യകാരന്‍ സി രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കാന്‍ നിശ്ചയിച്ചിരുന്ന മുന്‍ എം പി അബ്ദുല്‍സമദ് സമദാനിയെ വരെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഔദ്യോഗിക വിഭാഗം മുടക്കിയതായാണറിയുന്നത്. എന്നാല്‍ ശിഹാബ് തങ്ങളുടെ പേരിലുള്ള പരിപാടിയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന നിലപാടിലായിരുന്നു സമദാനി. കൃത്യസമയത്തുതന്നെ അദ്ദേഹം ചടങ്ങിനെത്തുകയും ചെയ്തു. സാധാരണക്കാരായ ലീഗ് പ്രവര്‍ത്തകരെയും ബഹുജനങ്ങളെയും വരെ പരിപാടിയിലേയ്‌ക്കെത്താതിരിക്കാന്‍ ഔദ്യോഗിക ലീഗ് നേതൃത്വം ഏറെ ശ്രമിച്ചെങ്കിലും യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പരിപാടിയിലേയ്ക്ക് ഇവരുടെയെല്ലാം തടസങ്ങള്‍ മറികടന്നും പ്രവര്‍ത്തകരെത്തി പരിപാടി വിജയമാക്കുകയം ചെയ്തു.
മുസ്്‌ലിം ലീഗിന്റെ 70 ാം വാര്‍ഷികാഘോഷങ്ങള്‍ രണ്ടു ചേരിയായാണ് എടപ്പാളില്‍ ആഘോഷിച്ചിരുന്നത്. വ്യക്തമായി രണ്ടു ചേരിയായി നിലയുറപ്പിച്ചുനില്‍ക്കുന്ന പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ ജില്ലാ കമ്മിറ്റി ഇടപെട്ട് നടത്തിയിട്ടും ഫലം കാണാനായിട്ടില്ല.
ഇരുചേരിയിലും ഉള്‍പ്പെടാതെ നിഷ്പക്ഷ നിലപാട് പുലര്‍ത്തുന്ന ഗ്രാമപ്പഞ്ചായത്തംഗവും പഞ്ചായത്ത് യൂത്ത്‌ലീഗിന്റെ ഭാരവാഹിയുമായ വി കെ എ മജീദിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം റിലീഫ് സെല്‍ അവാര്‍ഡ് ദാനവും വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നത്. പി സുരേന്ദ്രന്‍, പത്തില്‍ അഷ്‌റഫ്, റഫീഖ് പിലാക്കല്‍, വി കെ എം ഷാഫി, സിറാജ് പത്തില്‍, എം കെ മുജീബ്, ഹസ്സനാര്‍ നെല്ലിശ്ശേരി, സാഹിര്‍ മാണൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top