ശിശു അതിജീവന നിരക്ക്: ഇന്ത്യ പിറകില്‍ന്യൂഡല്‍ഹി: നവജാത ശിശുക്കളുടെ അതിജീവന നിരക്കില്‍ ഇന്ത്യ സോമാലിയയ്ക്കും അഫ്ഗാനിസ്താനും പിറകില്‍. ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ ആഗോള അസുഖ ദുരിതങ്ങള്‍ (ഗ്ലോബര്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്) സംബന്ധിച്ച പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആരോഗ്യപരിരക്ഷാ സൗകര്യങ്ങളും നിലവാരവും സംബന്ധിച്ച റാങ്കിങില്‍ 11 സ്ഥാനം താഴ്ന്ന് 195 രാജ്യങ്ങളുടെ പട്ടികയില്‍ 154ാമതെത്തുകയും ചെയ്തു. ആരോഗ്യപരിരക്ഷാ സൂചിക 44.5 ആണ് ഇന്ത്യയുടേത്. ഉപഭൂഖണ്ഡത്തില്‍ തന്നെ ഏറ്റവും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ശ്രീലങ്ക(72.8), ബംഗ്ലാദേശ്(51.7), ഭൂട്ടാന്‍(57.7), നേപ്പാള്‍ (50.8) എന്നീ അയല്‍രാജ്യങ്ങളുടെ സ്ഥാനം ഇന്ത്യ—ക്ക് മുകളിലാണ്. അന്‍ഡോറയാണ് (95) പട്ടികയില്‍ ഒന്നാമത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (29) അവസാന സ്ഥാനത്തുമാണ്. ആരോഗ്യമേഖലയിലെ, പ്രത്യേകിച്ച് നവജാതശിശുകളുടെ ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യ റാങ്കിങില്‍ താഴേയ്ക്കു പോവാന്‍ ഇടയാക്കിയത്. ഗര്‍ഭിണികളുടെ പരിരക്ഷ ഉറപ്പാക്കുന്നതിലും ക്ഷയം, വാതരോഗങ്ങള്‍, ഹൃദ് രോഗങ്ങള്‍ തുടങ്ങിയവ തടയുന്നതിലും ഇന്ത്യ പിറകോട്ടു പോയി. കഴിഞ്ഞവര്‍ഷം 188 രാജ്യങ്ങളുടെ പട്ടികയില്‍ 143ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നവജാത ശിശുക്കള്‍ക്കായുള്ള ആരോഗ്യ പരിരക്ഷാ സൗകര്യ സൂചികയില്‍ ദരിദ്രരാജ്യങ്ങളായ സോമാലിയ 100ല്‍ 21 മാര്‍ക്കും അഫ്ഗാനിസ്താന്‍ 19 മാര്‍ക്കും നേടിയപ്പോള്‍ ഇന്ത്യ 14 മാര്‍ക്ക് മാത്രമാണ് നേടിയത്. ക്ഷയരോഗ ചികില്‍സാസൗകര്യങ്ങളുടെ കാര്യത്തില്‍ 26 മാര്‍ക്ക് നേടിയ ഇന്ത്യ പാകിസ്താന്‍(29), കോംഗോ(30), ജിബൂട്ടി(29) എന്നീ രാജ്യങ്ങള്‍ക്കും താഴെയാണ്. പ്രമേഹം, വൃക്കരോഗങ്ങള്‍, വാത ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുടെ കാര്യത്തില്‍ യഥാക്രമം 38, 20, 45 എന്നിവയാണ് ഇന്ത്യയുടെ സ്‌കോര്‍.

RELATED STORIES

Share it
Top