ശിവസേനാ നേതാവിന്റെ വധം, ഭാര്യയും വാടകക്കൊലയാളിയും അറസ്റ്റില്‍

താനെ: ശിവസേനാ നേതാവ് ശൈലേഷ് നിംസെ (43)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി എന്ന വൈശാലി നിംസെ (34), വാടകക്കൊലയാളി പ്രമോദ് ലൂട്ട് (32) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ശിവസേനയുടെ ഷഹപൂര്‍ തെഹ്‌സിലിലെ മുന്‍ ഭാരവാഹിയായ ശൈലേഷ് നിംസെയുടെ മൃതദേഹം ഭീവണ്ടി തെഹ്‌സിലി ല്‍ നിന്ന് ഈ മാസം 20നാണ് പോലിസ് കണ്ടെടുത്തത്. പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്ന ഭര്‍ത്താവിനെ വധിക്കാന്‍ വൈശാലി ഗൂഢാലോചന നടത്തിയെന്നും കൊലപാതകം നടപ്പാക്കാന്‍ ലൂട്ടിനെ നിയോഗിച്ചെന്നും താനെ അഡീഷനല്‍ പോലിസ് സൂപ്രണ്ട് പ്രശാന്ത് കദം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തഅവിഹിതബന്ധത്തെ ചൊല്ലി ശൈലേഷും വൈശാലിയും ശണ്ഠകൂടുക പതിവായിരുന്നു. വൈശാലിക്ക് മര്‍ദനവുമേറ്റിരുന്നു. ഭര്‍ത്താവ് തന്നെ ഉപേക്ഷിക്കുമെന്നും സ്വത്തവകാശം നഷ്ടപ്പെടുമെന്നും വൈശാലി ഭയന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ഒന്നരലക്ഷം രൂപ വാടകക്കൊലയാളികള്‍ക്ക് നല്‍കുകയായിരുന്നുവെന്നും കദം പറഞ്ഞു.
20ന് രാത്രി ശൈലേഷിന്റെ വീട്ടില്‍ കയറി കൊലയാളികള്‍ അദ്ദേഹത്തെ ബെല്‍റ്റ് കൊണ്ട് ശ്വാസംമുട്ടിച്ചു കൊന്നു. തുടര്‍ന്ന് കാറില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നു . മറ്റു പ്രതികളെ പിടികൂടാന്‍ പോലിസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top