ശിവമോഗയിലും മാണ്ഡ്യയിലും ജനതാദള്‍-എസ്; ബെല്ലാരിയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അടുത്തമാസം കര്‍ണാടകയിലെ മൂന്നു സീറ്റുകളിലേക്കു നടക്കുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ജനതാദള്‍ സെക്കുലര്‍ ശിവമോഗയിലും മാണ്ഡ്യയിലും കോണ്‍ഗ്രസ് ബെല്ലാരിയിലും മല്‍സരിച്ചേക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്‌തെന്നും മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ പറഞ്ഞു.
ബിജെപിയുടെ ബി എസ് യെദ്യൂരപ്പ (ശിവമോഗ), ബി ശ്രീരാമുലു (ബെല്ലാരി), ജെഡിഎസിന്റെ സി എസ് പുട്ടരാജു (മാണ്ഡ്യ) എന്നിവര്‍ മെയ് അവസാനം രാജിവച്ചതോടെയാണ് ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അടുത്തവര്‍ഷം പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ കര്‍ണാടകയിലെ മൂന്നു സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പു നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും ചോദ്യം ചെയ്തിരുന്നു. പൊതുതിരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസമേയുള്ളൂ.
ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനൊപ്പം രാമനഗരം, ജാംഖന്‍ഡി നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബര്‍ 3നു നടക്കും. നവംബര്‍ 6നാണ് വോട്ടെണ്ണല്‍.
കോണ്‍ഗ്രസ് എംഎല്‍എ സിദ്ദു ന്യാമഗൗഡയുടെ മരണത്തെ തുടര്‍ന്നാണ് ജാംഖന്‍ഡിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചന്നപട്‌ന സീറ്റില്‍ വിജയിച്ചതോടെ രാമനഗരത്തെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.

RELATED STORIES

Share it
Top