ശിവഗിരി മഠത്തില്‍ 5 ആണ്‍കുട്ടികള്‍ക്കെതിരേ ലൈംഗീക പീഡനം: സ്വാമി ശ്രീനാരായണ ധര്‍മ്മവൃതന്‍ ഒളിവില്‍

തൃശൂര്‍: ശിവഗിരി മഠത്തിലെ ആശ്രമ അന്തേവാസികളായ അഞ്ച് ആണ്‍കുട്ടികളെ സ്വാമി ശ്രീനാരായണ ധര്‍മ്മവൃതന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം,സ്വാമി ധര്‍മ്മവൃതന്‍ ഒളിവിലാണ്. ശിവഗിരി മഠത്തിന് കീഴിലുള്ള തൃശൂര്‍ കൊറ്റനല്ലൂര്‍ ബ്രഹ്മനന്ദാലയം ബ്രാഞ്ച് കാര്യദര്‍ശിയാണ് ധര്‍മ്മവൃതന്‍.പത്ത് പേരടങ്ങുന്ന കുട്ടികളുടെ സംഘം താമസിച്ചുവരുന്ന ആശ്രമം നോക്കി നടത്തുന്നത് ധര്‍മ്മവൃതനാണ്. കുട്ടികള്‍ ഇവിടെ നിന്ന് അടുത്തുള്ള സ്‌കൂളുകളില്‍ പഠിക്കാനും പോവുന്നുണ്ട്. ഇതിലൊരാളാണ് വിഷയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിളിച്ച് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശ്രമത്തിലെത്തുകയും കുട്ടികളുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവം ആളൂര്‍ പോലിസില്‍ അറിയിച്ചു. പോലിസ് എത്തിയപ്പോഴേക്കും ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ക്കെതിരേ കുട്ടികള്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.ധര്‍മ്മവൃതനെതിരെ പോക്‌സോ അനുസരിച്ച് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 13 വയസ്സുള്ള ഒരു കുട്ടിയുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം നടത്തിയതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഐപിസി 377ാം വകുപ്പ് അനുസരിച്ചുകൂടി കേസെടുത്തിട്ടുണ്ട്.കുട്ടികളില്‍ ഒരാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top