ശിവകാശിയില്‍ പടക്കശാലയില്‍ തീപ്പിടിത്തം; നാലു പേര് മരിച്ചു
kasim kzm2018-09-09T06:53:23+05:30
ശിവകാശി: ശിവകാശിയില്‍ രണ്ട് പടക്കനിര്‍മാണശാലകളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ നാലു പേര് മരിച്ചു. കക്കിവാടന്‍പട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയില്‍ തീപ്പിടിച്ച് മൂന്നു പേരും സേലത്തുണ്ടായ തീപ്പിടിത്തത്തില്‍ ഒരാളുമാണ് മരിച്ചത്. മാരിയപ്പന് (35), കൃഷ്ണന് (43) എന്നിവരാണ് കക്കിവാടന്‍പട്ടിയില്‍ മരിച്ചത്. മറ്റൊരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പടക്കം നിര്‍മിക്കുന്ന മുറിയിലായിരുന്നു സ്ഫോടനം. ദീപാവലിക്കു വേണ്ടി വന്‍തോതില്‍ പടക്കനിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. മുറിയില്‍ നാലു പേര് മാത്രമാണ് ഉണ്ടായിരുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്നിബാധ നിയന്ത്രണവിധേയമാക്കി. മധുര പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സേലത്ത് അത്തൂറില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയില്‍ നടന്ന തീപ്പിടിത്തത്തില്‍ 28കാരനാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.