ശിരുവാണി, ഭവാനി പുഴകളി ല്‍ അളവില്‍ കൂടുതല്‍ കോളിഫോം ബാക്ടീരിയ; പകര്‍ച്ചവ്യാധി ഭീഷണിയെന്ന് ആരോഗ്യവകുപ്പ്

അഗളി: അട്ടപ്പാടിയിലെ പുഴകളൊഴുകുന്നത് മാലിന്യവും പേറി. ശിരുവാണി, ഭവാനി പുഴകളില്‍ കോളിഫോം ബാക്ടീരിയ അളവില്‍ക്കൂടുതല്‍ കാണപ്പെടുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. കോളറ, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യരോഗങ്ങള്‍ക്കാണ് ഈ രോഗാണു കാരണമാകുന്നത്.
മനുഷ്യവിസര്‍ജ്യത്തില്‍ കാരണപ്പെടുന്ന രോഗാണുവാണ് കോളിഫോം. 1100 മുതല്‍ 10000 വരെ അളവില്‍ കോളിഫോം ബാക്ടീരിയ അട്ടപ്പാടിയിലെ പുഴകളില്‍ കാണപ്പെടുന്നതായി അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ പ്രഭുദാസ് പറയുന്നു. സര്‍ക്കാര്‍ രേഖകളില്‍ അട്ടപ്പാടി സമ്പൂര്‍ണശൗചാലയമുള്ള ഇടമാണ്.
ഈ സാഹചര്യത്തിലാണ് പുഴവെള്ളം ഇത്തരത്തില്‍ മലിനമാകുന്നത്. ആദിവാസി ഊരുകളില്‍ ഒരു വിഭാഗം കക്കൂസ് ഉപയോഗിക്കാത്തതാണ് കാരണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. വെള്ളത്തിന്റെ ലഭ്യതക്കുറവും ശരിയായ ശുചിത്വബോധമില്ലായ്മയും ബോധവല്‍കരണപ്രവര്‍ത്തനങ്ങളുടെ കുറവും പ്രശ്‌നം രൂക്ഷമാക്കുന്നു.
വെള്ളക്ഷാമം രൂക്ഷമായ കോട്ടത്തറ, പുതൂര്‍, അഗളി എന്നിവിടങ്ങളില്‍ ജനങ്ങള്‍ വീട്ടാവശ്യങ്ങള്‍ക്കും കൃഷിയാവശ്യങ്ങള്‍ക്കും പുഴവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ബാക്ടീരിയ കണ്ടെത്തിയ ജലാശയങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയാണ് പതിവ്.
എന്നാല്‍, പുഴകളില്‍ ഇത് സാധ്യമല്ല. സര്‍വേ അനുസരിച്ച് കക്കൂസില്ലാത്ത 4645 കുടുംബങ്ങള്‍ക്ക് കക്കൂസ് നല്‍കിയതായും അട്ടപ്പാടിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഇതുവഴി കക്കൂസ് ലഭിച്ചതായും അഗളി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ലൈഫ് മിഷന്‍ പദ്ധതിയിലും കക്കൂസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശിരുവാണിപ്പുഴയില്‍ നെല്ലിപ്പതിക്ക് സമീപം 1100 അളവിലും കോട്ടത്തറ ഭാഗത്ത് 1100ലേറെയും കോളിഫോം ബാക്ടീരിയയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാവടിയൂരില്‍ നിന്നെടുത്ത വെള്ളത്തില്‍ നാനൂറും ശുചീകരിച്ചുവരുന്ന വെള്ളത്തില്‍ 110ഉം വാട്ടര്‍ ഫില്‍ട്ടര്‍ മെഷീനിലെ ശുദ്ധീകരിച്ച വെള്ളത്തില്‍ നാലുമാണ് ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഡോ. പ്രഭുദാസ് അറിയിച്ചു.

RELATED STORIES

Share it
Top