ശാസ്ത്രയാന്‍ ഇന്നു സമാപിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലെ മുഴുവന്‍ പഠനവകുപ്പുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തിലേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം വന്‍ ജനപ്രവാഹം.
മ്യൂസിയം കോംപ്ലക്‌സിലെ ഫോക്‌ലോര്‍ പഠനവിഭാഗത്തിന്റെ സ്റ്റാളില്‍ ഒരുക്കിയ നുകം, കലപ്പ, പൊട്ടന്‍ തെയ്യം മുഖപാളി, കിരീടം, വാളും പരിചയും, രക്ത ചാമുണ്ഡിയുടെ വേഷങ്ങള്‍, തെയ്യത്തിന്റെ ആടയാഭരണങ്ങള്‍, ഉപ്പ് മരവി, തുടങ്ങിയവ പുതിയ തലമുറക്ക് കൗതുകമായി. ശാസ്ത്ര സത്യങ്ങള്‍ ഏറെ ലളിതമായി മനസ്സിലാക്കാന്‍ ഉതകുന്ന പ്രദര്‍ശനങ്ങളാണ് സയന്‍സ് ബ്ലോക്കിലെ ഫിസിക്‌സ്, കെമിസ്ട്രി, ലൈഫ് സയന്‍സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്‌സ്, നാനോ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, കായിക പഠനവിഭാഗം തുടങ്ങിയ പഠനവകുപ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കോഴിക്കോട് ഇംഹാന്‍സ് നടത്തുന്ന മാനസികാരോഗ്യ പരിശോധനാ ക്യാംപിന്റെ സേവനം നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നു. പുതുതായി ഡെര്‍മെറ്റോളജി ക്ലിനിക്കും മാര്‍ച്ച് എട്ടിന് പ്രദര്‍ശനം തുടങ്ങി. അറബി പഠനവകുപ്പ് ഒരുക്കിയ സോഫിയ റോബോട്ട് ശ്രദ്ധേയമായി. അറബികിന് പുറമെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങള്‍ക്ക് കൂടി സോഫിയ ഉത്തരം നല്‍കുന്നത് കൗതുകമായി. കേരള വനഗവേഷണ കേന്ദ്രത്തിന്റെ സ്റ്റാളില്‍ മുള ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ഏറെ കൗതുകം ഉണര്‍ത്തുന്നു. ഭാഷാ പഠനവിഭാഗത്തിലും സൈക്കളജി പഠനവിഭാഗത്തിലും പ്രദര്‍ശനമുണ്ട്. മലയാള പഠനവിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ അനുബന്ധമായി സംഘടിപ്പിച്ച തൂലികാമാഹാത്മ്യം പേന പ്രദര്‍ശനവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പേനകള്‍ ശേഖരിക്കുന്നത് ജീവിതചര്യയാക്കിയ സമീര്‍ മുക്കത്തിന്റെ ശേഖര—ത്തില്‍ മരയുരിയും മഷിയില്‍ മുക്കി എഴുതുന്ന സ്റ്റില്‍ പേനയും പിഞ്ഞാണമെഴുത്ത് പേനയും ഉള്‍പ്പെടെ ആയരക്കണക്കിന് പേനകളാണുള്ളത്.  ശാസത്രയാന്‍ ഇന്ന് സമാപിക്കും.

RELATED STORIES

Share it
Top