ശാസ്താംകോട്ട സിവില്‍ സ്റ്റേഷന്‍ കാത്തിരിപ്പിന് വിരാമം: കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു

ശാസ്താംകോട്ട: വിവാദങ്ങള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനുമൊടുവില്‍ ശാസ്താംകോട്ട മിനിസിവില്‍ സ്‌റ്റേഷന്റെ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയായ ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനം ഈ മാസം 11ന് നടക്കും. 2000 മേയിലാണ് ആദ്യനിലയുടെ ഉദ്ഘാടനം നടന്നത്. താലൂക്ക് ഓഫിസ് സിവില്‍ സപ്ലൈ ഓഫിസ്, പിഡബ്ലിയുഡി ഓഫിസ്, താലൂക്ക് സര്‍വ്വേ ഓഫിസ് തുടങ്ങിയ ഏതാനും ഓഫിസുകള്‍ക്ക് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കാനായത്. താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയില്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും വാടക ഇനത്തില്‍ വര്‍ഷം തോറും ലക്ഷകണക്കിന് രൂപ ചെലവഴിക്കുകയായിരുന്നു.  വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് പലസ്ഥലങ്ങളിലുള്ള ഓഫിസുകളില്‍ എത്താനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തും സിവില്‍ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് ഒന്നും രണ്ടും നില കൂടി പണിയാന്‍ തീരുമാനിച്ചത്.2009-ല്‍ ഒരു കോടി പതിനേഴ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് പണി തുടങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍വ്യവസ്ഥ. എന്നാല്‍ കരാര്‍ പാലിച്ചില്ലെന്നുമാത്രമല്ല രണ്ട് തവണ കരാര്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. കരാര്‍ തുക ഒരു കോടി നാല്‍പത്തിഅഞ്ച്  ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. ഇതിനിടയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം, ഏതാനും തൊഴിലാളികള്‍ മാത്രം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയായിരുന്നു പ്രധാന ആക്ഷേപങ്ങള്‍. കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ തകര്‍ന്ന് വീണ സംഭവങ്ങള്‍ വരെ ഉണ്ടായി. എന്നാല്‍ കാരറുകാരന്‍ മെല്ലെ പോക്കുനയം തുടരുകയും ഹൈക്കോടതിയെ സമീപിച്ച് 2014 ഒക്ടോബര്‍ അഞ്ച് വരെ കരാര്‍ കാലാവധി നീട്ടിവാങ്ങുകയും ചെയ്തു. പിന്നീടും പണികള്‍ ഇഴഞ്ഞുതന്നെ നീങ്ങി. ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരുവിധം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മിനി സിവില്‍സ്റ്റേഷന്റെ കെട്ടിടത്തിന്റെ പണി യഥാസമയം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകളും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികളും പുതിയെ കെട്ടിടത്തിലേക്ക് മാറ്റി ഭീമമായ നഷ്ടം ഒഴിവാക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top