ശാസ്താംകോട്ട തടാകത്തില്‍ മല്‍സ്യ സമ്പത്ത് കുറയുന്നു

ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലില്‍ മല്‍സ്യ സമ്പത്ത് കുറയുന്നു. കാല ക്രമേണ ഇത് പൂര്‍ണമായും ഇല്ലാതാവാനും സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു.
റംസാര്‍ തടാകമായ ശാസ്താംകോട്ട കായലിന്റെ മല്‍സ്യ സമ്പത്ത് വിലയിരുത്താനായി കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് കൊച്ചിന്‍ യൂനിറ്റിന്റെയും നേതൃത്വത്തില്‍ സംയുക്തമായി നടത്തിയ മല്‍സ്യ സെന്‍സെസ് പഠനങ്ങളിലൂടെയാണ് പുതിയ കണ്ടെത്തലുകളെത്തിയത്. 30 ഇനങ്ങളിലുള്ള മല്‍സ്യങ്ങളായിരുന്നു കായലിലുണ്ടായിരുന്നത്.
ഇപ്പോള്‍ നടത്തിയ പഠനത്തില്‍ അത് 16 ആയി കുറഞ്ഞു. വറ്റോണ്‍, ഹോര ഡാന്‍സിയ, ഒരിനം മുള്ളി തുടങ്ങിയ  മൂന്നിനങ്ങള്‍ പുതുതായി കണ്ടത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന 17 ഇനങ്ങളാണ് തടാകത്തില്‍ നിന്നും മാഞ്ഞു പോയത്.  മുന്‍പ് തടാകത്തിന്റെ നിറ സാന്നിധ്യമായിരുന്ന കരിമീന്‍ ഒരെണ്ണം പോലും കണ്ടത്താന്‍ സാധിച്ചില്ല. കൂടാതെ മുഷി, ആറ്റുവാള, തകളി എന്നീ ഇനത്തില്‍ പെട്ട മല്‍സ്യങ്ങള്‍  അപ്രത്യക്ഷമായത് ഗൗരവത്തോടെയാണ് പഠനം വിലയിരുത്തിയത്. അടിത്തട്ടില്‍ ചെളി നിറഞ്ഞതാകാം ഇവയുടെ തിരോധാനത്തിന് കാരണമെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു.
തടാകത്തിലെ ചെളി മാറ്റി ഉറച്ച പ്രതലങ്ങള്‍ സൃഷ്ടിക്കുക, കൂടുതല്‍ മല്‍സ്യങ്ങളെ നിക്ഷേപിക്കുക, മലിനീകരണം പരമാവധി തടയുക , മല്‍സ്യ ഊട്ട പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പൊതു നിര്‍ദ്ദേശങ്ങളും പഠനം നല്‍കി. മല്‍സ്യ സെന്‍സെസിന്റെ ഉദഘാടനം ശാസ്താംകോട്ട ഗ്രാമപ്പഞ്ചയാത്ത് പ്രസിഡന്റ് ടി ആര്‍ ശങ്കര പിള്ള നിവഹിച്ചു. വാര്‍ഡ് അംഗം എസ് ദിലീപ് കുമാര്‍, ഡോ എ ബിജു കുമാര്‍ , ഡോ പ്രമോദ് കിരണ്‍, ഡോ മിഥുന്‍ സുകുമാരന്‍, ഡോ കെ സി ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു

RELATED STORIES

Share it
Top