ശാസ്താംകോട്ട തടാകതീരം അക്കേഷ്യാ മരങ്ങള്‍ വളര്‍ന്ന് കാടുകയറുന്നു

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് അക്കേഷ്യാമരങ്ങള്‍ വളര്‍ന്ന് കാടുപിടിക്കുന്നു. തടാകത്തിലെ നീരുറവ വലിച്ചെടുക്കുന്നൂവെന്ന നിഗമനത്തില്‍ അക്കേഷ്യാമരങ്ങള്‍ ലേലംചെയ്ത് മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മുറിച്ചുമാറ്റിയ മരങ്ങളുടെ കുറ്റികളും വിത്തുകള്‍ വീണ് കിളിര്‍ത്ത് വളര്‍ന്ന് വീണ്ടും തടാകതീരം കാടുപിടിച്ചിരിക്കുകയാണ്.

ലേലം ചെയ്തു നല്‍കിയിട്ടുള്ള മരങ്ങള്‍ മുറിച്ചുതീര്‍ന്നിട്ടില്ല. ഇതിനിടയിലാണ് മുറിച്ചമരങ്ങളുടെ വേരുകളും വിത്തുകളും കിളിര്‍ത്ത് തഴച്ചുവളരുന്നത്. മദ്യപാനവും മറ്റും തടാകതീരത്തെ അക്കേഷ്യാമരങ്ങള്‍ വളര്‍ന്നകാട്ടിനുള്ളില്‍ നടക്കുന്നതായിട്ടാണ് അറിയുന്നത്. ശാസ്താംകോട്ട കോടതി, പോലിസ് സ്‌റ്റേഷന്‍, സിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും മറ്റും വരുന്നവര്‍ക്കും ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിലേയ്ക്ക് എത്തുന്ന കുട്ടികള്‍ക്കും അക്കേഷ്യാമരങ്ങള്‍ വളര്‍ന്ന് കാടകയറുന്നതുമൂലം യാത്ര ദുസ്സഹമായിട്ടുണ്ട്. കൂടാതെ കായല്‍ ബണ്ട് വഴിയുള്ള യാത്രയും കാടുമൂലം ക്ലേശത്തിലാണ്.
കാട്ടില്‍ മറഞ്ഞിരുന്ന് മദ്യപിച്ചശേഷം കോളജ് വിദ്യാര്‍ഥിനികളേയും യാത്രക്കാരേയും അസഭ്യം പറയുന്നതായും പരാതിയുണ്ട്. കോളജ് കുട്ടികളള്‍ക്ക് മദ്യം വിളമ്പുന്നതിനും കഞ്ചാവ് വില്‍ക്കുന്നതിനുമുള്ള ഇടത്താവളമായും തടാകത്തിന്റെ കാടുകയറിയ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതായിട്ടാണ് അറിയുന്നത്. പലതവണ അധികൃതരോട് നാട്ടുകാര്‍ കാടുവെട്ടിതെളി—ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. അക്കേഷ്യമരങ്ങള്‍ വെട്ടി അതിന്റെ കുറ്റികള്‍ ഉള്‍പ്പടെ നശിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും വെട്ടിമാറ്റിയ മരങ്ങളുടെ കുറ്റികളും വേരും കുഴിച്ചെടുത്ത് നശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
അക്കേഷ്യാമരങ്ങള്‍ മുറിച്ച് അതിന്റെ കുറ്റികള്‍ മാന്തിയെടുത്ത് നശിപ്പിക്കുന്നത് ഉള്‍പ്പടെയാണ് കരാര്‍ നല്‍കിയിട്ടുള്ളതെന്നാണ് പറയുന്നതെങ്കിലും ഇത്തരത്തില്‍ വെട്ടിമാറ്റുന്ന മരങ്ങളുടെ കുറ്റികള്‍ നശിപ്പിക്കാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. വളര്‍ന്ന മരങ്ങള്‍ മുറിച്ചുമാറ്റി കുറ്റിപിഴുതെടുത്താലും ഇതിന്റെവേരുകള്‍ മണ്ണിനടിയില്‍ കിടന്നാലും കിളിര്‍ത്ത് വളരുമെന്നാണ് പറയുന്നത്. അക്കേഷ്യാ മരങ്ങുടെ വേരുകള്‍ക്ക് കിലോമീറ്ററുകളോളം വ്യാപ്തിയിലും ആഴത്തിലും വെള്ളം വലിച്ചെടുക്കന്നതിന് സാധിക്കുമെന്നതിനാല്‍ വേരുകള്‍ വീണ്ടും കിളിര്‍ക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇത് പൂര്‍ണ്ണമായും നശിപ്പിക്കുന്നതിന് തീരത്ത് തീപടര്‍ത്തി വേരുകള്‍ കരിക്കുന്നതിനുള്ള നടപടികള്‍ ആസുത്രണചെയ്യണമെന്ന ആവശ്യവും ഉയരുന്നു.
കിളിര്‍ക്കുന്ന ചെടികള്‍ അപ്പോഴപ്പോള്‍ നശിപ്പിക്കുന്നതിനുള്ള നടിപടി സ്വീകരിച്ചാലും തടാകത്തിലെ ശുദ്ധജലത്തിന് ഭീഷണിയാകുന്ന അക്കേഷ്യാരങ്ങളുടെ വളര്‍ച്ചതടയാമെന്ന ആശയവും ഉണ്ട്. എത്രയും വേഗം അക്കേഷ്യാമരങ്ങളുടെ വളര്‍ച്ചതടയുന്നതിനുളള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top