ശാരീരികക്ഷമതയ്ക്ക് ആര്‍എസ്എസ് ശാഖയിലേക്ക് സ്വാഗതം: ബിജെപി

തിരുവനന്തപുരം: ശാരീരികക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് ശാഖകളിലേക്ക് അയക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് കോടിയേരിയോട് ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകരെ ശാഖകളിലേക്ക് ക്ഷണിക്കുകയാണ്. ശാഖയില്‍ എത്തിയാല്‍ കായികക്ഷമത മാത്രമല്ല മാനസികക്ഷമത കൂടി കൈവരിച്ച് അവര്‍ നല്ല വ്യക്തികളായി തീരുമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസിനെ നേരിടാന്‍ കായികക്ഷമത നേടണമെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കൃഷ്ദാസിന്റെ പ്രതികരണം. അക്രമം ഇല്ലാതാക്കാന്‍ ബാധ്യതയുള്ള ഭരണകക്ഷി നേതാവ് സായുധ കലാപത്തിന് നേതൃത്വം നല്‍കുകയാണ്. ആര്‍എസ്എസിനേയും ബിജെപിയേയും നേരിടാന്‍ അണികളോട് ആയുധമെടുക്കാനാണ് കോടിയേരി ആഹ്വാനം ചെയ്തത്. ഇതിന് കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നാളെ എന്‍ഡിഎ സംഘം കുറിഞ്ഞിമലയിലെ കൈയേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി മല അടക്കമുള്ള ഇടുക്കി ജില്ലയിലെ മുഴുവന്‍ കൈയേറ്റങ്ങളെപ്പറ്റിയും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണം. ഇരുമുന്നണികളുടേയും നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഇടുക്കിയില്‍ കൈയേറ്റം നടക്കുന്നത്. മന്ത്രി എം എം മണി, കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി, കെ രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ് എംപി എന്നിവരാണ് കൈയേറ്റക്കാര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത്. എം എം മണിയുടെ ക കൈയേറ്റവും അന്വേഷിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top